ദേവസ്വം വകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ നിയമനത്തിൽ യൂടേണടിച്ച് സർക്കാർ; കെ.ബി പ്രദീപ് രാജിവെച്ചു
തിരുവനന്തപുരം: ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി പുതിയതായി നിയമിതനായ കെ.ബി പ്രദീപ് രാജിവച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രദീപിനോടു രാജി ആവശ്യപ്പെട്ടിരുന്നു എന്നാണ് വിവരം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്നു കെ.ബി പ്രദീപ്.
സ്വർണക്കൊള്ള വലിയ രാഷ്ട്രീയ ആയുധമാക്കിയ യുഡിഎഫ് പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വൻ വിവാദമായിരുന്നു. ഇതോടെയാണ് നിയമവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. പ്രദീപിന്റെ നിയമനത്തിന്റെ പശ്ചാത്തലത്തിൽ, സ്വർണക്കൊള്ള അന്വേഷണ വിവരങ്ങൾ ചോരുമോയെന്ന ആശങ്ക എസ്ഐടി അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ശബരിമലയിലെ സ്വര്‍ണം പൂശൽ കരാറെടുത്ത സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകനായിരുന്നു കെ.ബി പ്രദീപ്. കെ.ബി പ്രദീപിന്റെ നിയമനം രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ അടക്കമുള്ള നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.