യുഎസ് പൗരത്വം: അയൽക്കാരിൽ നിന്നും വിവരങ്ങൾ തേടും ; പഴയ രീതി പുനസ്ഥാപിച്ചു

വാഷിങ്ടൺ: യുഎസ് പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് മുന്നിൽ ഇനി മറ്റൊരു കടമ്പ കൂടി. പൗരത്വത്തിന് അപേക്ഷിക്കുന്ന വിദേശ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ അപേക്ഷകരുടെ സമീപവാസികളോട് അന്വേഷിക്കുന്ന രീതി യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് പുനരാരംഭിച്ചു. 1991ൽ അവസാനിപ്പിച്ച അന്വേഷണ രീതിയാണ് ട്രംപ് ഭരണകൂടം പുനരാരംഭിച്ചത്. ഇതുസംബന്ധിച്ച മെമ്മോറാണ്ടം യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കി.
പൗരത്വത്തിന് അപേക്ഷിക്കുന്നയാളുടെ താമസസ്ഥലം, ജോലി എന്നിവയാണ് വ്യക്തിഗത അന്വേഷണം അഥവാ അയൽപക്ക അന്വേഷണത്തിൽ ഉൾപ്പെടുന്നത്. പൗരത്വ അപേക്ഷ ഫയൽ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള അഞ്ച് വർഷത്തെ കാര്യങ്ങളാണ് അധികൃതർ ചോദിച്ചറിയുക.
ഒരു വിദേശിയുടെ നാച്വറലൈസേഷനുള്ള (വിദേശി പൗരത്വം നേടുന്നതിന് മുന്നോടിയായുള്ള നിയമപരമായ പ്രക്രിയ) യോഗ്യത സ്ഥിരീകരിക്കുക എന്നതാണ് അയൽപക്ക അന്വേഷണത്തിലെ ലക്ഷ്യം. വിദേശിയുടെ താമസം, നല്ല സ്വഭാവം, യുഎസ് ഭരണഘടനയോടുള്ള പ്രതിബദ്ധത, യുഎസിനോടുള്ള ചായ്‌വ് എന്നിവയുടെ സൂക്ഷ്മപരിശോധന ഇതിൽ ഉൾപ്പെടുന്നു. ചില കേസുകളിൽ യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസിന് ഈ നിബന്ധന ഒഴിവാക്കാമെന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു