അച്ചടക്ക നടപടി പുനഃപരിശോധന ;പിപി ദിവ്യയുടെ കത്ത് കിട്ടിയിട്ടില്ലന്ന് എംവി ഗോവിന്ദന്‍

Oct 25, 2026 - 13:55
 0  3
അച്ചടക്ക നടപടി പുനഃപരിശോധന ;പിപി ദിവ്യയുടെ കത്ത് കിട്ടിയിട്ടില്ലന്ന്  എംവി ഗോവിന്ദന്‍

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു ആത്മഹത്യചെയ്ത കേസില്‍ പ്രേരണക്കുറ്റത്തിന് പ്രതിസ്ഥാനത്തായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ, പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ദിവ്യയുടെ കത്തോ സമൂഹമാധ്യമത്തിലെ പോസ്റ്റോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതില്‍ സംസ്ഥാന കമ്മിറ്റി മറുപടി പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരള പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയ മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

 പിഎസ്‌സിയെ പിരിച്ചു വിടണമെന്ന ഭരണഘടനാവിരുദ്ധ ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ അഭിപ്രായം പറയണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 316 പ്രകാരമാണ് പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നത്. ആറ് വര്‍ഷമാണ് ഇവരുടെ കാലാവധി. ഈ കാലാവധിക്കകം ഒരംഗത്തെ നീക്കം ചെയ്യണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 317 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

തെറ്റുകുറ്റങ്ങളും മോശം പെരുമാറ്റങ്ങളും സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതിയുടെ ശുപാര്‍ശ അനുസരിച്ച് മാത്രമെ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും പിഎസ്‌സി കമീഷനെ പിരിച്ച് വിടാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാന്‍ ഭരണഘടനാപരമായി അവകാശമുള്ളൂവെന്നും ഗോവിന്ദന്‍ പറഞ്ഞു.