എംഎല്‍എ പഞ്ചായത്ത് മെമ്പറെ  കുളത്തിലേക്ക് തള്ളിയിട്ടു, മെമ്പർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും; മലപ്പുറത്തെ വൈറലായ കുളം ഉദ്‌ഘാടനം ഇങ്ങനെ 

Oct 5, 2026 - 19:29
 0  4
എംഎല്‍എ പഞ്ചായത്ത് മെമ്പറെ  കുളത്തിലേക്ക് തള്ളിയിട്ടു, മെമ്പർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും; മലപ്പുറത്തെ വൈറലായ കുളം ഉദ്‌ഘാടനം ഇങ്ങനെ 

മലപ്പുറത്തുനിന്നും പുറത്തുവന്ന  വ്യത്യസ്തമായ ഒരു ഉദ്ഘാടനത്തിന്‍റെ ദൃശ്യങ്ങൾ  സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു . കുളം ഉദ്ഘാടനത്തിനിടെ എംഎല്‍എ പഞ്ചായത്തംഗത്തെ കുളത്തിലേക്ക് തള്ളിയിട്ടതും,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ തള്ളിയിട്ടതുമാണ് നാട്ടില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.

മലപ്പുറം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പീച്ചാണിപ്പറമ്പ് തിരുത്തിൽ കുളത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിനിടയാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രധാൻമന്ത്രി കൃഷി സിഞ്ചായി യോജനയുടെ ഭാഗമായി സംഘടിപ്പിച്ച 'നീർത്തട സംരക്ഷണ യാത്ര'യുടെ സമാപനവും തിരുത്തിൽ കുളം ഉദ്ഘാടനവുമാണ് പീച്ചാണിപ്പറമ്പിൽ വച്ച് നടന്നത്.

എംഎൽഎ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കുളം നാടിന് സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി മങ്കട എംഎൽഎ മഞ്ഞളാംകുഴി അലി ഒരു ചെറിയ തമാശ ഒപ്പിച്ചു. കുളത്തിന്‍റെ ഉദ്ഘാടനമല്ലേ, അതുകൊണ്ട് തന്നെ കുളത്തിലിറങ്ങി തന്നെയാകാം ഉദ്ഘാടനം എന്ന് കരുതിയ എംഎല്‍എ, ചടങ്ങിനെത്തിയ ഗ്രാമപഞ്ചായത്ത് അംഗം ഷബീർ മാഞ്ഞാമ്പ്രയെ അപ്രതീക്ഷിതമായി കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തനിക്കെതിരെ ഇങ്ങനെയൊരു പ്ലാന്‍ ഉണ്ടെന്ന് അറിയാതെയായിരുന്നു ഷബീറിന്‍റെ നില്‍പ്പ്.

 എന്നാല്‍  കുളത്തില്‍ നിന്ന് തിരികെ കയറിവന്ന ഷബീർ മാഞ്ഞാമ്പ്ര  പെട്ടെന്ന് തന്നെ  പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. നജ്മ തബഷീറയെ  അപ്രതീക്ഷിതമായി വെള്ളത്തിലേക്ക് തള്ളിയിട്ടു. ഓര്‍ക്കാപ്പുറത്ത് കുളത്തില്‍ വീണതിന്‍റെ ചെറിയൊരു ഞെട്ടല്‍ നജ്മ തബഷീറയ്ക്ക് ഉണ്ടായെങ്കിലും, ചുറ്റുമുണ്ടായിരുന്നവരും ജനപ്രതിനിധികളും അതൊരു സ്പോര്‍‍ട്സ്മാന്‍ സ്പിരിറ്റിലാണ് എടുത്തത്. തുടര്‍ന്ന് വലിയ കയ്യടിയോടെയാണ് ഈ വ്യത്യസ്തമായ കുളം ഉദ്ഘാടനം നാട്ടുകാർ ഏറ്റെടുത്തത്.