സൗദിയില്‍ ഇനി ഗൂഗിള്‍ പേ സേവനവും

സൗദി അറേബ്യയില്‍ ഗൂഗിള്‍ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കണ്‍വൻഷൻ സെന്ററില്‍ നടന്ന മണി 20/20 മിഡില്‍ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയില്‍ ഗൂഗിള്‍ പേ ആരംഭിക്കുമെന്ന് സൗദി സെൻട്രല്‍ ബാങ്ക് (സാമ) അറിയിച്ചു.
സൗദി അറേബ്യയിലെ നാഷണല്‍ പേയ്‌മെന്റ് സിസ്റ്റം (മാഡ) വഴിയാണ് ഗൂഗിള്‍ പേ പ്രവർത്തിക്കുക. സാമ്ബത്തിക രംഗം വികസിപ്പിക്കാനും, പണരഹിത ഇടപാടുകളുടെ വിഹിതം 2025-ഓടെ 70 ശതമാനമായി ഉയർത്താനും ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030-ൻ്റെ ഭാഗമായാണ് ഈ നീക്കങ്ങള്‍. സൗദി വിഷൻ 2030-ന്റെ പ്രധാന ഘടകങ്ങളിലൊന്നായ ഫിനാൻഷ്യല്‍ സെക്ടർ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ട് സൗദി അറേബ്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടുത്താനുള്ള സാമയുടെ തുടർച്ചയായ ശ്രമങ്ങള്‍ക്ക് ഇത് കരുത്തേകും.
'ഗൂഗിള്‍ പേ സേവനം, ഉപയോക്താക്കള്‍ക്ക് അവരുടെ 'മാഡ'കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഗൂഗിള്‍ വാലറ്റ് ആപ്ലിക്കേഷനില്‍ സൗകര്യപ്രദമായി ചേർക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന, നൂതനവും സുരക്ഷിതവുമായ ഒരു പേയ്മെൻ്റ് അനുഭവം നല്‍കുന്നു.ഡിജിറ്റല്‍ പേയ്മെന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനും സൗദി വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ഒട്ടനവധി മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുടെ ഭാഗമാണ് ഗൂഗിള്‍ പേ സേവനത്തിന്റെ ഈ തുടക്കം. ഇത് ഫിൻടെക് സൊല്യൂഷനുകളില്‍ ആഗോളതലത്തില്‍ സൗദി അറേബ്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തും'- സൗദി സെൻട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.