2026-ലെ വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ

Oct 5, 2026 - 19:48
 0  4
2026-ലെ വൈദ്യശാസ്ത്ര  നൊബേൽ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ

സ്റ്റോക്ഹോം: 2026-ലെ വൈദ്യശാസ്ത്ര  നൊബേൽ പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ . തലച്ചോറിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ മനസ്സിലാക്കാനും, പാർക്കിൻസൺസ് രോഗം, അൽഷിമേഴ്സ്, വിഷാദരോഗം, അപസ്മാരം, കാഴ്ചവൈകല്യങ്ങൾ തുടങ്ങിയ നാഡീവ്യൂഹ സംബന്ധമായ രോഗങ്ങൾക്ക് പുതിയ ചികിത്സാരീതികൾ കണ്ടെത്തുന്നതിനും വഴിത്തിരിവാകുന്ന സാങ്കേതികവിദ്യ രൂപപ്പെടുത്തിയതിനാണ് 2026ലെ നൊബേൽ സമ്മാനം .  കാൾ ഡെസറോത്ത് (Karl Deisseroth), പീറ്റർ ഹിഗ്മാൻ (Peter Hegemann), ജോർജ്ജ് നഗേൽ (Georg Nagel) എന്നിവർക്കാണ് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് നോബൽ അസംബ്ലി പ്രഖ്യാപിച്ചു.

 സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.

പ്രകാശ നിയന്ത്രിത അയോൺ ചാനലുകളെക്കുറിച്ചുള്ള കണ്ടെത്തലുകൾ തലച്ചോറുമായി ബന്ധപ്പെട്ട രോഗചികിത്സകളിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ലോകമെങ്ങുമുള്ള ലബോറട്ടറികളിൽ ഇതിനകം തന്നെ ഇവരുടെ പഠനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട സാങ്കേതികതകൾ ഉപയോഗത്തിലുണ്ട്.

ഓപ്റ്റോജനറ്റിക്സ് എന്ന സാങ്കേതികവിദ്യയാണ് ഈ പുതിയ പഠനങ്ങളിലൂടെ രൂപപ്പെട്ടത്. പ്രകാശം ഉപയോഗിച്ച് തലച്ചോറിലെ നാഡീകോശങ്ങളുടെ പ്രവർത്തനം കൃത്യമായി നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയാണ് ഓപ്റ്റോജനറ്റിക്സ്. ആൽഗകളിൽ കാണപ്പെടുന്ന 'ചാനൽറൊഡോപ്സിൻ' പോലുള്ള പ്രകാശഗ്രാഹിയായ പ്രോട്ടീൻ ചാനലുകളെ ജനിതക സാങ്കേതികവിദ്യ വഴി നാഡീകോശങ്ങളിൽ എത്തിക്കുകയും കോശപ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. പ്രകാശ സംവേദകത്വമുള്ള കോശങ്ങളിലേക്ക് വെളിച്ചമടിക്കുമ്പോൾ അവയെ ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ (ഉത്തേജിപ്പിക്കാനോ നിർജ്ജീവമാക്കാനോ) സാധിക്കുമെന്ന് ഇവർ തെളിയിച്ചു.