സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു
കോഴിക്കോട്: എസ്‌പിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എൻസിസി, വിവിധ സ്‌കൂളുകളുടെ ബാൻഡ് മേളങ്ങൾ എന്നിവയോടെ പ്രൗഢോജ്വലമായിരുന്നു അറുപത്തി എട്ടാമത് സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഉദ്ഘാടന ചടങ്ങ്. വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് നാലായിരത്തോളം കായിക പ്രതിഭകൾ എൻഐടി മൈതാനത്ത് അവതരിപ്പിച്ച മാർച്ച് ഫാസ്റ്റ് ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി
. ഓരോ ജില്ലകളെയും പ്രതിനിധീകരിച്ച് അറുപത്തിഎട്ട് മുത്തുകുടയുമായി കേരളീയ വസ്ത്രമണിഞ്ഞ യുവതികൾ അണിനിരന്നത് മലയാളിത്തനിമ വിളിച്ചോതുന്ന കാഴ്‌ചാനുഭവമായി..
മാർച്ച് ഫാസ്റ്റിൽ ആദ്യമായി യുഎഇയിൽ നിന്നും എത്തിയ കായിക താരങ്ങളും ഇത്തവണ പങ്കെടുത്തു. പ്രൗഡഗംഭീരമായ മാർച്ച് ഫാസ്‌റ്റിനു ശേഷം കായിക മേളയുടെ ദീപശിഖ ആസിഫ് വെളിമണ്ണയിൽ നിന്നും ഒളിമ്പ്യൻ പി.ടി ഉഷ എംപി ഏറ്റുവാങ്ങി. തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ദീപ ശിഖ തെളിയിച്ചു.
മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, ഒ ജെ .ജനീഷ്, ടി സിദ്ദിഖ്, എംഎൽഎമാർ, ജില്ലാ കലക്റ്റർ എം.എസ്. മാധവികുട്ടി, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലി, ഒളിമ്പ്യൻ പിആർ ശ്രീജേഷ്, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ കായിക മേള ഉദ്ഘാടനം ചെയ്‌തുകൊണ്ട് കായികമേഖലയിൽ സർക്കാർ വലിയ പിന്തുണ നൽകുമെന്ന് പറഞ്ഞു.
'നമ്മുടെ നാട്ടിൽ നിന്നും പുറത്തേക്ക് ഏത് മത്സരത്തിന് പോകുന്ന കായിക താരങ്ങൾക്കും അവർക്ക് വേണ്ട സാമ്പത്തിക സഹായം നൽകും. ഓരോ കായിക താരങ്ങളും അവരുടെ രക്ഷിതാക്കൾ കഠിനമായി ജോലി ചെയ്‌ത് ലഭിക്കുന്ന തുച്ഛമായ തുക ഉപയോഗിച്ചാണ് പങ്കെടുക്കാൻ പോകുന്നത്. എന്നാൽ അവർ സംസ്ഥാനത്തിന് വേണ്ടിയാണ് പോകുന്നത് എന്ന തിരിച്ചറിവ് സർക്കാരിനുണ്ടെന്നും,' മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി.
കൂടാതെ കേരളത്തിൻ്റെ തനതു കലാപരിപാടികളായ മോഹിനിയാട്ടം, ഒപ്പന, മാർഗ്ഗംകളി, തിരുവാതിരകളി, തുടങ്ങിയവയും അരങ്ങേറി.
ഉദ്ഘാടന ചടങ്ങ് കാണാൻ ഉച്ച മുതൽ ആയിരകണക്കിന് പേരാണ് എൻഐടി മൈതാനത്ത് എത്തിയത്.