ബിജെപി എംപിമാര്‍ ഡല്‍ഹിയിലേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന

ബിജെപി എംപിമാര്‍ ഡല്‍ഹിയിലേക്ക്; സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. മന്ത്രിമാരെ തീരുമാനിക്കുന്നതിനായി ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിംഗും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വീട്ടില്‍ യോഗം ചേർന്നു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിലേക്ക് എല്ലാ പാര്‍ട്ടി എംപിമാരോടും മുഖ്യമന്ത്രിമാരോടും എത്തിച്ചേരാന്‍ ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ യോഗത്തില്‍ മോദിയെ പാര്‍ലമെന്‍ററി നേതാവായി തെരഞ്ഞെടുക്കും. തുടര്‍ന്ന് മോദിയും സഖ്യകക്ഷി നേതാക്കളും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാല്‍ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.