കാണാമഴയത്ത് : കവിത, സഗിന റാണി

Jun 30, 2024 - 18:53
Jul 1, 2024 - 03:44
 0  105
കാണാമഴയത്ത് : കവിത,  സഗിന റാണി
കാണുന്ന മഴയെക്കാൾ
മനോഹരമാണ് കേൾക്കുന്ന
മഴയെന്ന്  എനിക്കീ കിടപ്പിൽ തോന്നുന്നു..
ഈ ചതുരക്കള്ളി തുറന്നാൽ
ചിലപ്പോൾ കാണുന്ന മഴ
ഇഷ്ടമില്ലാത്ത പ്രതലങ്ങളിൽ
ഒലിച്ചിറങ്ങുന്നതാകാം..
കേൾക്കുന്ന മഴ പെയ്യുന്നത്
ആത്മാവിലാണ്.. 
അവിടെ ഒറ്റക്ക് നിൽക്കുന്ന ഒരു
ചെമ്പകത്തൈയിൽ ആരും
കാണാത്തൊരു മൂലയിൽ
വെറുതെ  വിടർന്നൊരു പൂവിന്റെ
കവിൾ നനച്ച് പരശ്ശതം കൊഴിഞ്ഞ
ഇലകളിൽ വീണലിയുന്നതാകാം... 
എന്റെ ആദ്യമായി പൂത്ത 
മഞ്ഞ മന്ദാരത്തിന്റെ
വിളറിയ ദലങ്ങളെ വിറപ്പിച്ചു
കൊണ്ട് കാതിൽ കിന്നാരം
മൊഴിയുന്നതാകാം...
കാലം തെറ്റി പൂത്ത
 എന്റെ കൊന്നമരത്തിന്റെ
 വേവലടക്കുന്നതാകാം...
മഴ പെയ്തു തോർന്നിട്ടും
ഓർമ്മകൾ പെയ്യുന്ന
ഇലഞ്ഞിയുടെ നെടുവീർപ്പാകാം..
പെറുക്കാനാളില്ലാതെ
തൈച്ചോട്ടിൽ ഊർന്നു
 വീണ മഞ്ചാടി മണികളെ
 പൊട്ടിച്ചിരിപ്പിക്കുന്നതാകാം.
മണ്ണിന്റെ അടരുകളിൽ
ആത്മഹർഷം തീർത്ത്
മണ്ണോടലിഞ്ഞു വെറുമൊരോർമ്മ
മാത്രമായി വിലീനമാകുന്നതാകാം...