പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാൻ ബൈഡന് മേല്‍ സമ്മര്‍ദ്ദം

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാൻ ബൈഡന് മേല്‍ സമ്മര്‍ദ്ദം
ന്യൂയോർക്ക്: ട്രംപുമായുള്ള സംവാദത്തില്‍ ഏറെ പിന്നിലായ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിൻമാറണമെന്ന് ആവശ്യം ശക്തമാകുന്നു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ് ആദ്യ സംവാദത്തില്‍ മുന്നേറിയതോടെയാണ് ബൈഡന് മേല്‍ സമ്മർദ്ദം ചെലുത്തി പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് എത്തിയത്.
 സിഎന്‍എന്‍ സംഘടിപ്പിച്ച സംവാദം ശ്രദ്ധയേറിയത് ബൈഡന്റെ പരാജയപ്പെട്ട സംവാദ രീതിയിലൂടെയായിരുന്നു. ട്രംപിന്റെ ആക്രമണോത്സുകമായ വാഗ്‌വാദത്തെ നേരിടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ട്രംപിനെതിരെ ശക്തമായ വാദങ്ങള്‍ ഉന്നയിക്കാന്‍ പോലും ബൈഡന് സാധിച്ചില്ല. നിരവധി കേസുകളുടെ വെല്ലുവിളിയുണ്ടായിരുന്നിട്ടും ബൈഡന് ട്രംപിനോട് സംവാദത്തില്‍ പറഞ്ഞ് ജയിക്കാന്‍ സാധിച്ചില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ബൈഡന് പകരം മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെ പ്രസിഡന്‍റ് സ്ഥാനാ‍ർഥിയാക്കണമെന്ന ആവശ്യവും ഡെമോക്രാറ്റുകള്‍ക്കിടയില്‍ ശക്തമായി. ബൈഡന് പിന്തുണ അറിയിച്ച്‌ ബരാക് ഒബാമയും രംഗത്തെത്തി.

ബൈഡന് വലിയ വിജയം നേടാനായി എല്ലാവരും പരിശ്രമിക്കണമെന്നും മുൻ പ്രസിഡന്‍റ് ആഹ്വാനം ചെയ്തു.