'പഴഞ്ചൊല്ലുകൾ ' തുടരുന്നു  : Mary Alex (മണിയ )

Jun 28, 2024 - 19:01
Jun 28, 2024 - 19:21
 0  90
'പഴഞ്ചൊല്ലുകൾ ' തുടരുന്നു  : Mary Alex (മണിയ )
' ആ '
1.'ആറ്റിൽ കളഞ്ഞാലും അളന്നു കളയണം '
നമ്മുടെ ചെലവുകൾ വിനിയോഗമായാലും ദുർവിനി യോഗമായാലും എന്തിനും ഒരു കണക്കുണ്ടായിരിക്കണം എന്നർത്ഥം. കുടുംബഭദ്രതക്കും 
കുടുംബത്തിന്റെ സമ്പത്ത്ഘടന ക്കും വരവു ചെലവുകളുടെ തുലനം അത്യന്താപേക്ഷിതമാണ്.
അതിനാൽ കുടുംബത്തിലെ വരവും ചെലവും എഴുതി വച്ച് അതനുസരിച്ച് കുടുംബ ബഡ്ജറ്റ് തയ്യാറാക്കാവുന്നതാണ്. വീടില്ലാത്തവർക്ക് വീടിന്, കുട്ടികളുടെ പഠനത്തിനു, മക്കളുടെ വിവാഹത്തിന് അങ്ങനെ പല കാര്യങ്ങൾക്കും അല്പം മിച്ചം പിടിക്കയും ആവാം. ഒപ്പം ഉള്ളതിൽ ഒരു പങ്ക് ജീവകാരുണ്യമായും വിനിയോഗിക്കാം.
2.'ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ '
ആനയെ കൊട്ടിലിൽ തളയ്ക്കുകയാണ് പതിവ്. കന്നുകാലിയെ തൊഴുത്തിൽ കെ ട്ടുകയും.ആഡ്ഡ്യത്വവും തറവാടി ത്തവും ഉള്ളവർ സാധാരണ കൊട്ടാരതുല്യമായ മണിമാളിക കളിൽ ആണ് താമസം. അവരുടെ ജീവിതശൈലിയും അതനുസരിച്ച് ഉയർന്ന നിലവാരത്തിൽ ആയിരിക്കും. പാവപ്പെട്ട കൂലിപ്പ ണിക്കാർക്ക് അവരുടെ വരവനനുസരിച്ച് കുടിലുകളോ ചെറുവീടുകളോ ആയിരിക്കും താമസത്തിനുള്ളത്. ആദ്യത്തെ കൂട്ടർക്കു മാന്യതയിലോ സമ്പത്തിലോ  എന്തെങ്കിലും കുറവു  സംഭവിച്ചാൽ അവർ അവരുടെ മാളിക വിട്ടു കുടിലുകളിൽ പോയി തങ്ങില്ല. അവിടെത്തന്നെ മറ്റാരെയും അതറിയിക്കാതെ ഒതുങ്ങി പാർക്കുകയെ ഉള്ളു.
 3.'ആന കൊടുത്താലും ആശ കൊടുക്കരുത് '
  ആന വളരെ വലുപ്പമുള്ളതും അതുപോലെ തന്നെ വലിയ വിലയുള്ളതുമായ ഒരു മൃഗമാണ്. അങ്ങനെ ഒന്ന് ആർക്കെങ്കിലും സമ്മാനമായി കൊടുത്താലും എന്തെങ്കിലും തരാമെന്നോ, ഇന്ന കാര്യം ചെയ്യാം എന്നൊ, ആർക്കും വാക്കു കൊടുക്കരുത്. വാക്കു കൊടുത്താൽ പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ചെയ്യുകയും വേണം. അല്ലെങ്കിൽ അതു കേൾക്കുന്നവർ പ്രതീക്ഷയോടെ ആയതിനായി കാത്തിരിക്കും. അതാണ് ആർക്കും ആശ കൊടുക്കരുത് എന്നു പറയുന്നതിന്റെ കാര്യം.
 4. 'ആരാന്റെ അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാൽ കാണാൻ എന്തൊരു ചേല്.'
എല്ലാവർക്കും അറിയാം ഭ്രാന്ത്‌ എന്ന അവസ്ഥ എന്താണെന്ന് . ബുദ്ധിക്കു സ്ഥിരത ഇല്ലാത്തവർ 
കാണിക്കുന്ന ചേഷ്ടകൾ പലർക്കും ചിരിക്ക് വക നൽകുന്നതാണ്.ചിലർക്ക് ഹരവും.
  മറ്റുള്ളവരുടെ വീട്ടിൽ എന്തെങ്കിലും അരുതാത്തതു സംഭവിച്ചാൽ അതേക്കുറിച്ച് പറഞ്ഞു നടക്കാനും കൂട്ടം കൂട്ടി വിമർശിക്കാനും പരിഹസിക്കാനും
മാത്രമല്ല അതു കണ്ട് ആസ്വദിച്ചു രസിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. ആരും തന്നെ അപ്പോൾ,അത് സ്വന്തം വീട്ടിൽ സംഭവിച്ചാലോ എന്നു ചിന്തിക്കാറില്ല. ചിന്തിച്ചാൽ വിമർശിക്കുന്നതിനു പകരം അവരോടൊത്തു നിന്ന് അതിനെ നേരിടാനുള്ള പോംവഴി കാണുകയാണ് ചെയ്യുക, അതാണ് ചെയ്യേണ്ടത്.
5.'ആനിക്ക  വെളഞ്ഞപ്പോ കാക്കയ്ക്ക് വായ്‌പ്പുണ്ണ്.'
 ആനിക്ക  (ആഞ്ഞിലി മരത്തിൽ ഉണ്ടാകുന്ന കായ് , ചക്കയുടെ ചെറിയ പതിപ്പ് ) പഴുത്തത് പക്ഷികൾക്കെന്ന പോലെ മനുഷ്യർക്കും തിന്നാൻ വളരെ ഇമ്പമുള്ളതാണ്.പക്ഷെ അതു പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ അസുഖം വന്ന് അതു തിന്നാൻ പറ്റാത്ത അവസ്ഥ. എന്നു പറഞ്ഞാൽ എന്തെങ്കിലും കാര്യം വളരെ പരിശ്രമിച്ചും പരിപാലിച്ചും ശുഷ്‌കാന്തിയോടെ ചെയ്തു പൂർണതയിൽ എത്തിച്ചിട്ട്,അല്ലെങ്കിൽ വളർത്തി ഫലം കാണാറാകുമ്പോൾ അത് അനുഭവിക്കാൻ പറ്റാതെ വരുന്ന അവസ്ഥയുണ്ടാകുക .
6.'ആശാനൊരക്ഷരം പിഴച്ചാൽ ശിഷ്യർക്ക് അമ്പത്താറും .'
   പഴയകാലത്ത് ഇന്നത്തെ പ്പോലെ പ്ലേ സ്കൂളോ എൽ കെ ജി, യു കെ ജി ഇങ്ങനെയൊന്നു മില്ല. ആശാൻ കളരിയാണ്‌. കുഞ്ഞുങ്ങളെ  രണ്ടു വയസ്സു കഴിയുമ്പോൾ എഴുത്തിനിരുത്തും മൂന്നര അല്ലെങ്കിൽ നാലു വയസ്സിൽ ആശാൻ കളരിയിൽ വിടും . ആശാൻ മണലിൽ വിരൽ കൊണ്ട് എഴുതിയാണ് പഠിപ്പിക്കുക. ഒരോ അക്ഷരവും എഴുത്തോലയിൽ നാരായം കൊണ്ട് എഴുതി കുട്ടികൾക്ക് കൊടുക്കും.അതു നോക്കി മണലിൽ എഴുതി കുട്ടികൾ മലയാളത്തിലെ അമ്പത്താറക്ഷ
രവും പഠിക്കും.(ഇപ്പോൾ അക്ഷരങ്ങൾ അതിലും കുറവായി ) ഇവിടെ ആശാന് ഒരക്ഷരം തെറ്റിയാൽ ശിഷ്യർക്ക് അമ്പത്താറും എന്നതിന് മനസ്സിലാക്കേണ്ടത്, മാതൃക കാണിക്കേണ്ട ആൾ തെറ്റു വരുത്തിയാൽ മറ്റുള്ളവർ പിന്നെ തെറ്റല്ലാതെ എന്തു വരുത്തും? അവർ അത് ആവർത്തിക്ക അല്ലെങ്കിൽ അനുകരിക്ക അല്ലേ ചെയ്യൂ എന്നാണ്.
7.'ആളു കൂടിയാൽ പാമ്പ് ചാകില്ല.'
     ഒരാൾ മാത്രമാണെങ്കിൽ ഒരു വടിയെടുത്തു പാമ്പിനെ അടിച്ചു കൊല്ലുകയോ,കോർത്തു വീശി ശക്തിയിൽ എറിയുകയോ ആവാം. പലരാണെങ്കിൽ, ചാക്കിട്ട് മൂടീട്ട് അടിച്ചുകൊല്ലാമെന്നൊ രാൾ പറഞ്ഞാൽ അടുത്ത ആൾ പറയും എനം വേറെയാ കാട്ടിൽ വിടണം, ഫോറെസ്റ്റുകാരെ വിളിക്കാമെന്ന്  വാവ സുരേഷിനെ ആയിക്കോട്ടെന്ന് മറ്റൊരാൾ. അങ്ങനെ ഏതു കാര്യത്തിനും പലർക്കും പല അഭിപ്രായം ആയിരിക്കും.
 അങ്ങനെയാകുമ്പോൾ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യം നടത്താൻ ബുദ്ധിമുട്ടു വരും. അല്ലെങ്കിൽ നടക്കുകയേയില്ല എന്നു സാരം.
8.' ആടു കിടന്നിടത്ത് പൂട പോലുമില്ല '
   
ആട് കിടന്നെഴുന്നേൽക്കു മ്പോൾ അതിന്റെ ദേഹത്തു
നിന്നും രോമം നിലത്തു വീണു കിടക്കുന്നതു കാണാം.
     ഒരാളെ കണ്ടിട്ട്,അല്ലെങ്കിൽ കാണാതെ പോയ ഒരു സാധനം കണ്ടെത്തിയിട്ട് മറ്റുള്ളവരെ കാണിക്കാൻ വിളിച്ചു കൊണ്ടു വരുമ്പോൾ ആ ആളെ / ആ സാധനം അവിടെ കാണാതിരിക്കു മ്പോൾ  പറയുന്നതീ വിധമാണ്. ഒരു കള്ളൻ ഒളിച്ചിരിക്കുന്ന സ്ഥലം അറിഞ്ഞു പോലീസ് എത്തുമ്പോൾ അവൻ അവിടുന്നും ഓടിക്കളഞ്ഞാൽ അവർക്കു അവന്റെ പൊടി പോലും കിട്ടിയില്ല എന്നു പറയുന്നപോലെ.
9'ആശാരീടെ ചെത്തിലും തടീടെ വളവിലും ' 
  മര ആശാരിമാർ തടികൾ മുഴക്കോൽ,ഉളി, ചുറ്റിക, ചിന്തേർ ഇങ്ങനെ പല പണിയായുധങ്ങൾ 
ഉപയോഗിച്ചാണ് ഒരോ ഉരുപ്പടി കളാക്കി മാറ്റി പല സാധനങ്ങൾ ഉണ്ടാക്കുന്നത്. ഉണ്ടാക്കിത്തീ രുമ്പോൾ ആളുകൾ കണ്ട് അഭിപ്രായം പറയുമല്ലോ. നന്നായിരിക്കുന്നു, നല്ല തടിയാ അല്ലേ?ചിന്തേരിട്ടു കുറേക്കൂടെ മിനുക്കേണ്ടതായിരുന്നു എന്നൊക്കെ. 
  അതുപോലെ പല സംഗതികളിലും ഏർപ്പെടുമ്പോൾ 
രണ്ടഭിപ്രായക്കാർ എവിടെയും ഉണ്ടാവും. കൊള്ളാം എന്നു ചിലർ എങ്കിൽ,കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന് മറ്റു ചിലർ. എന്നാൽ ചിലരങ്ങനെ അല്ല. ആശാരീടെ പണീലും തടീടെ വളവിലും ഉണ്ട് എന്നു പറയും. അർത്ഥം,പാളിച്ച ഉണ്ട് അത് നടത്തിയ ആളിന്റെ കഴിവു കേടു കൊണ്ടാണ് എന്നു പറയുന്നതിൽ നല്ലത് തടിയുടെ കുഴപ്പം ആണെന്ന് പറഞ്ഞാൽ പ്രശ്നമില്ലല്ലോ.ഇനിയുമുണ്ട് ഈ ചൊല്ലിന് വ്യാഖ്യാനങ്ങൾ.രണ്ടു പേർ തമ്മിലോ രണ്ടു കൂട്ടർ തമ്മിലോ ഉള്ള പ്രശ്നം തീർക്കാൻ എത്തുന്ന മാധ്യസ്ഥൻമാർ പറയുന്നതും ഇങ്ങനെയാവാം. ആശാരീടെ പണീലും തടീടെ വളവിലും പ്രശ്നമുണ്ട്. അതായത് ഇരുഭാഗത്തും തെറ്റുണ്ട് എന്ന് പറഞ്ഞ് ഒത്തു തീർപ്പാക്കാം
.
10.'ആളേറിയാൽ അടുക്കള അലങ്കോലം '
ആളു കൂടിയാൽ പാമ്പു ചാകില്ല എന്നു പറഞ്ഞ പോലെയാണിത്.
അടുക്കളയിൽ കൈ കാര്യം ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിയാൽ അടുക്കളയിൽ കുഴച്ചിലാകും. ഒരാൾ കൈകാര്യംചെയ്യുന്ന അടുക്കള കണ്ടാൽ മനസിലാക്കാം അവരുടെ അടുക്കും ചിട്ടയും. പാത്രങ്ങൾ തരം തിരിച്ച് അടുക്കി,കത്തി കത്രിക തുടങ്ങി മൂർച്ച സാധനങ്ങൾ കുട്ടികൾ എടുക്കാത്ത രീതിയിൽ ഉയരത്തിൽ, പലവ്യഞ്ജനങ്ങൾ, പൊടിയിനങ്ങൾ ഒരോ പാത്രത്തിലാക്കി പേരെഴുതി ഒട്ടിച്ച് അങ്ങനെ. ഏതൊരു വ്യക്തിയും ആ അടുക്കളയിൽ കയറിയാൽ അവർക്ക് ഒന്നും അന്വേഷിച്ചു നടക്കേണ്ടി വരില്ല പക്ഷെ ഒന്നിലധികം പേർ അടുക്കളയിൽ കൈകാര്യം ചെയ്താൽ ആ അടുക്കളയുടെ  മട്ടും ഭാവവും മാറിപ്പോകും. ഒരു വശത്തു സംസാരമാകും പാചകത്തിന്റെ റെസിപ്പി മാറും പ്ലാൻ ചെയ്ത ഭക്ഷണമായിരിക്കില്ല മേശയിൽ എത്തുന്നത്.സാധനങ്ങൾ അവിടവിടെ നിരക്കും. ഭക്ഷണം കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞാലോ വീട്ടുകാരിക്കുണ്ടാകുന്ന ബുദ്ധിമുട്ടു വേറെ.സാധനങ്ങൾ കണ്ടു പിടിക്കാനും അവ അതാതു സ്ഥാനങ്ങളിൽ വയ്ക്കാനുമുള്ള വിഷമം..
11.'ആഴമുള്ള ആഴിയിലെ മുത്തു
കിടക്കു.'
 മുത്തും പവിഴവുമൊക്കെ  സമുദ്രത്തിന്റെ അടിത്തട്ടിൽ ചിപ്പികൾക്കുള്ളിലൊ പവിഴപുറ്റു കൾക്കിടയിലോ ആയിരിക്കും കിടക്കുക. വളരെ പരിശ്രമിച്ചാലേ അവ ലഭ്യമാകയുള്ളു. അതുപോലെ മനുഷ്യരിലും മുത്തും പവിഴവും കണ്ടെത്താൻ കഴിയും. മനസ്സിൽ നന്മയുള്ളവർ മറ്റുള്ളവർക്കു വേണ്ടി സ്വയം ത്യ ജിക്കാൻ കഴിയുന്നവർ. ഇങ്ങനെ യുള്ളവരാണ് മനുഷ്യരിലേ മുത്തുകളും പവിഴങ്ങളും. ഇങ്ങനെയുള്ളവർ വളരെ വിരളമാണ്. അവരെ കണ്ടെത്താനും അവരെ മനസ്സിലാക്കി അവരോടൊത്ത് നാമും ആ മുത്തിലോ പവിഴത്തിലോ ഉള്ള നന്മകളിലൂടെജീവിതം മുന്നോട്ടു കൊണ്ടു പോകുവാനും  പരിശ്രമിക്കണം.
12.'ആരിയൻ വിതച്ചാൽ ഞവര കൊയ്യാമോ?'
     ആരിയൻ എന്നത് ഒരിനം നെൽവിത്താണ്.ഞവര എന്നതും 
ഒരിനം ധാന്യമാണ്.ഞവര അരി എന്നു തന്നെയാണ് അതിനെയും പറയാറ്.ആയുർവേദത്തിൽ അതിനു വളരെ പ്രാധാന്യമുണ്ട്. ഞവരക്കിഴി, ഞവരക്കഞ്ഞി എന്നൊക്കെ കേട്ടിട്ടില്ലേ? രണ്ടും നെൽവർഗ്ഗവും.  അകത്ത് അരിയുമാണ്. എന്നാൽ ആരി യന്റെ ഗുണമല്ല ഞവരയ്ക്ക്. 
ഈ ചൊല്ലുകൊണ്ട് അർത്ഥമാക്കുന്നത് ഒന്നു മാത്രം. നാം എന്തു വിതയ്ക്കുന്നോ അതേ നമുക്ക് കൊയ്യാനാവു. നന്മ വിതച്ചാൽ നന്മ കൊയ്യാം. തിന്മയെങ്കിൽ തിന്മ മാത്രം. അതുകൊണ്ട് നമുക്കും നന്മ വിതച്ച് നന്മ കൊയ്യാം.
25 - 6 - 24