ക്വാറി ഉടമയുടെ കൊലപാതകം; സുനിലിനായി തെരച്ചില്‍

ക്വാറി ഉടമയുടെ കൊലപാതകം; സുനിലിനായി തെരച്ചില്‍
പാറശാല: കളിയിക്കാവിളയില്‍ വ്യവസായിയെ വാഹനത്തില്‍ കഴുത്തറുത്തു കൊല്ലപ്പെട്ടനിലയില്‍കണ്ടെത്തിയ സംഭവത്തില്‍ പ്രതി അന്പിളി ഉപയോഗിച്ച സര്‍ജിക്കല്‍ ബ്ലേഡും ഗ്ലൗസും നല്‍കിയ സുനില്‍ കുമാറിനായി തെരച്ചില്‍ വ്യാപകമാക്കി പോലീസ്.
സുനില്‍ കുമാറിനായുള്ള തെരച്ചിലിന് കേരള പോലീസും തമിഴ്നാട് പോലീസിനെ സഹായിക്കുന്നുണ്ട്. അന്വേഷണവിഭാഗം നാലു സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്.

അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്ത പൂങ്കുളം സ്വദേശിയായ പ്രദീപ് ചന്ദ്രനെ കൂടി റിമാൻഡ് ചെയ്തു. പോലീസ് തെരയുന്ന സുനിലിൻറെ സുഹൃത്താണ് പ്രദീപ് ചന്ദ്രൻ . സുനില്‍ ഒളിവില്‍ പോകുന്നതിനു മുൻപ് ഫോണിലൂടെ അവസാനം ബന്ധപ്പെട്ടത് പ്രദീപിനെയാണ്. പ്രദീപ് ചന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് തമിഴ്നാട് പോലീസിന്‍റെ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര പൊലീസ് പിടികൂടി പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു.

കൊലപാതകം നടത്തിയ അമ്ബിളിയുടെ സുഹൃത്താണ് സുനിലെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.ഡോക്ടറുടെ കുറിപ്പടിയില്‍ മാത്രം വാങ്ങാൻ കഴിയുന്ന സർജിക്കല്‍ സാധനങ്ങള്‍ എങ്ങനെ അമ്ബിളിക്ക് ലഭിച്ചുവെന്നും കൊലപാതകം നടത്താനാണെന്നു അറിയാതെയാണോ കൈമാറിയെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത സർവീസ് സ്റ്റേഷൻ ഉടമയേയും സർജിക്കല്‍ സ്ഥാപന ഉടമയേയും പോലീസ് വിട്ടയച്ചു. അന്പിളിയുടെ ഭാര്യയേയും മൊഴിയെടുത്ത ശേഷം പോലീസ് വിട്ടയച്ചു. ദീപുവിന്‍റെ ഇൻഷുറൻസ് പോളിസികളെ കുറിച്ചുള്ള വിവരങ്ങളും പോലീസ് തേടിയിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് മലയിൻകീഴ് മണപ്പാട്മുല്ലമ്ബള്ളി ഹൗസില്‍ എസ് ദീപു (46 ) നെ കാറിനുള്ളില്‍ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.