കനത്ത മഴ: ഡല്‍ഹിയില്‍ 11 മരണം

കനത്ത മഴ: ഡല്‍ഹിയില്‍   11 മരണം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മഴക്കെടുതിയില്‍ ജീവൻ നഷ്ടമായവരുടെ എണ്ണം 11 ആയി. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ചയുമായി ആറുമരണങ്ങള്‍കൂടി സ്ഥിരീകരിച്ചതോടെയാണിത്.

ശനിയാഴ്ച രാവിലെ പെയ്ത മഴയിലാണ് വസന്ത് വിഹാറില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ തകർന്നത്.

മണ്ണിലും വെള്ളത്തിലും കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മരണമാണ് ആദ്യം സ്ഥിരീകരിച്ചത്. ഡല്‍ഹി പൊലീസ്, അഗ്നിരക്ഷ സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ 28 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ദയാറാം (45), സന്താഷ്‌(20), സന്തോഷ്‌ യാദവ്‌ (19) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച സമയ്പുർ ബദ്‌ലിക്ക് സമീപമുള്ള സിരാസ്പുരില്‍ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ദക്ഷിണ ഡല്‍ഹിയിലെ ഓഖ്‌ല അടിപ്പാതയില്‍ കുമാർ ചൗധരി (60) എന്നയാളുടെ മൃതദേഹം കണ്ടെത്തി. വെള്ളത്തിനടിയിലായ അടിപ്പാതയില്‍ കുടുങ്ങിയ നിലയില്‍ ചൗധരിയുടെ സ്കൂട്ടർ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. രോഹിണിയില്‍ ജോലി കഴിഞ്ഞ്‌ മടങ്ങിയ യുവാവ്‌ പൊട്ടിവീണുകിടന്ന വൈദ്യുതിലൈനില്‍നിന്ന്‌ ഷോക്കേറ്റ് മരിച്ചു. ഷാലിമാർബാഗിലും അടിപ്പാതയിലെ വെള്ളത്തില്‍ കുടുങ്ങി ഒരാള്‍ക്ക്‌ ജീവൻ നഷ്ടമായി.