കങ്കണ മുഖ്യ വേഷത്തില്‍ എത്തുന്ന 'എമര്‍ജൻസി'ക്ക് പ്രദര്‍ശനാനുമതിയില്ല

കങ്കണ മുഖ്യ വേഷത്തില്‍ എത്തുന്ന 'എമര്‍ജൻസി'ക്ക് പ്രദര്‍ശനാനുമതിയില്ല

എംപിയും നടിയുമായ കങ്കണാ റനൗട്ട് മുഖ്യ വേഷത്തില്‍ എത്തുന്ന ‘എമർജൻസി’ എന്ന ചിത്രത്തിന് പ്രദർശനാനുമതിയില്ല.

പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റുന്നതിന് പ്രധാന കാരണം.

കങ്കണ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കങ്കണ തന്നെയാണ്. പുതിയ റിലീസ് തീയതി വഴിയെ അറിയിക്കുമെന്നും ചിത്രത്തിന് പ്രദർശനാനുമതി ഉടൻ ലഭിക്കുമെന്നും താരം അറിയിച്ചു. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

സെപ്റ്റംബർ 6 വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതൊഴികെ എല്ലാ ജോലികളും പൂർത്തിയാക്കി റിലീസിന് തയ്യാറെടുക്കുമ്ബോഴായിരുന്നു ചിത്രത്തിനെതിരെ സിഖ് സംഘടനകള്‍ രംഗത്തെത്തിയത്. ചിത്രം സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി സിഖ് സംഘടനകള്‍ കോടതിയെ സമീപിച്ചതോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടത്.

ഭീകരമായ അവസ്ഥയാണിത് എന്നും തന്റെ സിനിമയ്ക്കുമേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും നമ്മുടെ രാജ്യത്തെക്കുറിച്ചും ഇവിടെ കാര്യങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു എന്നും ഓർക്കുമ്ബോള്‍ വളരെയേറെ നിരാശ തോന്നുന്നുവെന്നും കങ്കണ നേരത്തെ പ്രതികരിച്ചിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കള്‍ ചിത്രത്തിന്റെ റിലീസിനും സെൻസർ സർട്ടിഫിക്കറ്റിനും വേണ്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും എമർജൻസിക്ക് അവിടെ നിന്നും തിരിച്ചടിയാണ് ലഭിച്ചത് എന്നും അറിയിച്ച കങ്കണ റിലീസ് മാറ്റിവയ്ക്കുന്ന കാര്യം ഏറെ ഹൃദയ ഭാരത്തോടെയാണ് പങ്കുവെക്കുന്നത് എന്നും പറഞ്ഞു.