ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍
കല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ ജയിലിൽ അടയ്ക്കും. ആന്റോയുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ ഉത്തരവ് പുറപ്പെടുവിച്ചേക്കും.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതു പ്രകാരം ആ വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
ആന്റോയുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്‌സൈസ് കോടതിയെ അറിയിച്ചു. എന്നാല്‍ അത് വ്യാജമദ്യമല്ലെന്നും, ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റില്‍ കോടതിയില്‍ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ വാദിച്ചിരുന്നു.