പി.റ്റി. തോമസ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ളിയിലേക്ക് മത്സരിക്കുന്നു
അനിൽ പെണ്ണൂക്കര
അമേരിക്കൻ മലയാളി സാംസ്കാരിക സാമൂഹിക രംഗത്ത് നിറസാന്നിദ്ധ്യമായ പി.റ്റി. തോമസ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ളിയിലേക്ക് മത്സരിക്കുന്നു. ഫോമാ എമ്പയർ റീജിയൺ ആർ. വി. പി ആയ പി.റ്റി തോമസ് മലയാളികൾക്കിടയിലെ അറിയപ്പെടുന്ന സാമ്പത്തിക കാര്യ വിദഗ്ദ്ധൻ കൂടിയാണ്. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു കഴിഞ്ഞു. കുടാതെ ന്യൂയോർക്കിൽ ഒരു വിരുന്നു സൽക്കാരവും സംഘടിപ്പിക്കുന്നുണ്ട്.
റോക്‌ലൻഡ് കൗണ്ടി എംപ്ലോയിസ് യൂണിയൻ പ്രസിഡന്റ്, രാമപ്പൊ ടൌൺ സോണിങ് ബോർഡ് അംഗം, ടൌൺ ഓഫ് രാമപ്പൊ ഇൻഡ്യ ഹെറിറ്റേജ് അസോസിയേഷൻ പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ട്രെഷറാർ, സെക്രട്ടറി, ഹഡ്സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡന്റ്ന്യൂ യോർക്ക് സെന്റ് തോമസ് മാർതോമ്മാ ഇടവക വൈസ് പ്രസിഡന്റ്, സെക്രട്ടറി മുതലായി വിവിധ രംഗങ്ങളിൽ സേവനം കാഴ്ച വച്ചിട്ടുണ്ട്. മാർത്തോമ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന അസംബ്ളി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിക്കുന്ന അദ്ദേഹം ഇന്ത്യൻ സമൂഹത്തിന്റെ നിരവധി പ്രശനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വമാണ്.
പി.റ്റി. തോമസിന്റെ ജീവിത വഴികളിലൂടെ വഴികളിലൂടെ ഒരു യാത്ര.
ഗ്രാമനന്മകളാൽ സമൃദ്ധമായ പത്തനംതിട്ട കീക്കൊഴൂർ ഏറാട്ട് പൊട്ടക്കുളത്ത് കർഷകരായ എ.കെ. തോമസിന്റേയും മറിയാമ്മ തോമസിന്റേയും മകനായി ജനനം. കീക്കൊഴൂർ ഗവണ്മെന്റ് എൽ. പി. സ്കൂളിലും എൻ. എം. യു. പി. സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. റാന്നി എം. എസ്. ഹൈസ്കൂളിൽ എസ്. എസ്. എൽ. സി, കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പാസ്സായി. തുടർന്ന് എയർ ഫോഴ്സിൽ ജോലി നേടി. ജോലിക്കൊപ്പം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും മീററ്റ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും, രാഷ്ട്രതന്ത്രത്തിലും ബിരുദാനന്തര ബിരുദവും നേടി. ഈ വിജയങ്ങൾ പി. റ്റി. തോമസ് എന്ന വിദ്യാർത്ഥിയുടെ ജീവിത വഴിത്തിരുവുകളുടെ ആദ്യ പടിയായിരുന്നു.
ഡൽഹി ജീവിതം പി.റ്റി തോമസിന് ജീവിതത്തിന്റെ ചവിട്ടുപടിയായിരുന്നു. എയർ ഫോഴ്സിൽ നിന്ന് ഒൻപത് വർഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞു. ഇതിനിടെ ഡൽഹിയിൽ നേഴ്സായ മേരിക്കുട്ടിയുമായി (ലീലാമ്മ) വിവാഹം. 1976ൽ അമേരിക്കയിൽ പോകാനുള്ള ശ്രമം നടത്തി. പക്ഷെ വിസ ലഭിച്ചില്ല. ആ സമയത്ത് ഡൽഹിയിൽ ഒരു കോളേജ് ആരംഭിച്ചു. നിരവധി വിദ്യാർത്ഥികൾ പഠിച്ചിരുന്ന കോളേജിൽ ഇംഗ്ലീഷും, പൊളിറ്റിക്സും പഠിപ്പിക്കുന്ന അദ്ധ്യാപകനുമായി. 1983 ൽ വിസ റീ ഓപ്പൺ ചെയ്തതോടെ അമേരിക്കയിലേക്ക്. നല്ല രീതിയിൽ നടത്തിക്കൊണ്ടിരുന്ന കോളേജ് ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി.
അമേരിക്കയുടെ സമൃദ്ധിയിലേക്ക് വന്നിറങ്ങുമ്പോൾ നല്ലൊരു അടിത്തറയാണ് പി. റ്റി. ആദ്യം സ്വപ്നം കണ്ടത്. വെറും എട്ട് ഡോളറുമായി അമേരിക്കയിലെത്തിയ പി. റ്റി. തോമസും ലീലാമ്മയും ജീവിതത്തിന്റെ പുതിയ പാഠങ്ങളിലേക്ക് ചേക്കേറി. ലീലാമ്മ നേഴ്സായി ജോലിക്ക് കയറി.പി റ്റിക്ക് കവിത ഇന്ത്യൻ ഗ്രോസറീസ് എന്ന സ്റ്റോറിലായിരുന്നു ആദ്യ ജോലി. അതിനിടയിൽ യൂണിവേഴ്സ്റ്റിയിൽ നിന്ന് ഡിവിനിറ്റിയിലും. ഫോഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും, ഡൊമിനിക്കൻ കോളേജിൽ നിന്ന് അക്കൗണ്ടിംങ്ങും, അമേരിക്കൻ പസഫിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ന്യൂറോ ലിംഗ്വിസ്റ്റിറ്റ് പ്രോഗ്രാമും കരസ്ഥമാക്കി.
ഏതൊരു ജോലി ഏറ്റെടുത്താലും ആത്മാർത്ഥമായി അത് ചെയ്യുക എന്നതാണ് പി. റ്റി. തോമസിന്റെ എക്കാലത്തേയും നയം. ന്യൂയോർക്കിൽ തെറാപ്പി അസിസ്റ്റന്റ് ജോലിക്ക് ശേഷം റോക്ക് ലാൻഡ് കൗണ്ടിയിൽ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ സർവ്വീസിൽ ചൈൽഡ് പ്രൊട്ടക്ടീവ് സർവ്വീസിൽ ജോലിക്ക് ചേർന്നു. വളരെ പ്രിയപ്പെട്ട ഒരു ജോലിയായിരുന്നു അത്. 31 വർഷം തുടർന്ന ജോലി. കൗൺസിലിംഗ് മുതൽ നിരവധി പ്രവർത്തനങ്ങളുമായി നിരവധി വ്യക്തികളും കുടുംബങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് നേട്ടം.
ഈ ജോലിക്കിടയിൽ അക്കൗണ്ടിംഗ് ആൻഡ് ടാക്സ് ഫേമും തുടങ്ങി. ടാക്സ് പ്രാക്ടീഷണർ ആയി ജോലി തുടങ്ങിയതിനെ ഒരു സേവനമായി തന്നെയാണ് പി. റ്റി. തോമസ് കണ്ടത്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ കൊണ്ട് നിരവധി കുടുംബങ്ങൾക്ക് സ്വന്തമായി വീട് വാങ്ങാൻ സാധിച്ചത് മറ്റൊരു സന്തോഷമായി മനസ്സിൽ സൂക്ഷിക്കുന്നു. ഐ. ആർ. എസ് ഇലക്ട്രോണിക്ക് ഫയലിംഗ് തുടങ്ങിയ സമയത്ത് എക്സലൻസ് ഇൻ ഇലക്ട്രോണിക് ഫയലിംഗ് പുരസ്കാരം, ഐ. ആർ. എസ് നേഷൻ വൈഡ് ടാക്സ് ഫോറത്തിൽ നിർദ്ദേശകനായും പ്രവർത്തിച്ചു.
പി. റ്റി. തോമസ് വിജയിച്ചത് രണ്ട് ജോലിയോടും ഉണ്ടായിരുന്ന പാഷനും അവ തനിക്കു തന്ന സ്പേസുമാണ് എന്ന് പറയുമ്പോൾ പുതു തലമുറയ്ക്ക് പി.റ്റി ഒരു പാഠപുസ്തകവുമാകുന്നു.
സാമൂഹ്യ പ്രവർത്തനവും സംഘടനാപ്രവർത്തനവും ഒരു മാതൃകയാക്കിയ വ്യക്തിത്വമാണ് പി. റ്റി. തോമസ്. ന്യൂയോർക്കിൽ എത്തിയ സമയത്തുതന്നെ ഹഡ്സൺ വാലി മലയാളി അസ്സോസിയേഷനിൽ അംഗമായി. 1986ൽ സംഘടനയുടെ പ്രസിഡന്റായി മാറാൻ സാധിച്ചത് അദ്ദേഹത്തിന്റെ നേതൃത്വ പാടവത്തിന് ലഭിച്ച അംഗീകാരം തന്നെയായിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറി, ഋഷി, ഫിനാൻസ് കമ്മറ്റി ചെയർമാൻ, സുവനീർ കമ്മിറ്റി ചെയർമാൻ, റോക്സാൻഡ് കൗണ്ടി ഏഷ്യൻ അമേരിക്കൻസ് ഓഫ് റോക്ക് ലാൻഡിന്റെ സെക്രട്ടറി, അലൈൻസ് ഓഫ് സൗത്ത് ഏഷ്യൻ ലേബറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം, ഫൊക്കാന ഷിക്കാഗോ കൺവൻഷൻ സുവനീർ എഡിറ്റർ, ഫൊക്കാനയുടെ പിളർപ്പിന് ശേഷം ഫോമയിലും, ഫോമയുടെ ഓഡിറ്ററായി നാല് വർഷമായി സജീവവുമാണ് പി. റ്റി. തോമസ്. ഇന്ത്യാ ഡേ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മിസ് ഇന്ത്യ റോക് ലാൻഡ്, മിസ് ഇന്ത്യ ന്യൂയോർക്ക്, ന്യൂജേഴ്സി ബ്യൂട്ടി പേജന്റുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. സംഘടനാ പ്രവർത്തനം എങ്ങനെ നടത്തണമെന്ന കൃത്യമായ ധാരണയുള്ള വ്യക്തി കൂടിയാണ് പി.റ്റി. തോമസ്. 2014ൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി മെമ്പറായും 2015ൽ റോക്ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ ആയും അദ്ദേഹം മത്സരിച്ചു. വിജയി ആയില്ലെങ്കിലും ഒരു മലയാളിയെ സംബന്ധിച്ച് അത് അഭിമാന നിമിഷങ്ങളായിരുന്നു.
മനുഷ്യനിലും മനുഷ്യത്വത്തിലുമുള്ള വിശ്വാസമാണ് വ്യക്തികളുടെ വിജയത്തിനാധാരം. മനുഷ്യത്വം ഒരു കടൽ പോലെയാണ്. അവിടം മലിനമാകാൻ പാടില്ല. ഒരു കുടുംബത്തിന്റെ യഥാർത്ഥ സമ്പത്ത് മനുഷ്യത്വമാണ്. അങ്ങനെയുള്ള മാതാപിതാക്കൾ, സഹോദരങ്ങൾ, ഭാര്യ, മക്കൾ, കൊച്ചുമക്കൾ എല്ലാവരും അടങ്ങിയ വലിയ കുടുംബമാണ് പി.റ്റി. തോമസിന്റേത്. തന്റെ വിജയ വഴികളിലെ പ്രചോദനമാണവർ. മാതാപിതാക്കളും, ഭാര്യയും, സഹോദരനും തന്നെ വിട്ടുപോയെങ്കിലും കരുത്തും
തണലുമായി നാല് മക്കളും ഒൻപത് കൊച്ചുമക്കളും പി.റ്റി. തോമസിന്റെ ജീവിതത്തിനൊപ്പം ഉണ്ട്. മൂത്ത മകൾ ലിസ്റ്റി തോമസ് (കണക്ടിക്കട്ട് സെന്റ് വിൻസെന്റ് ഹോസ്പിറ്റലിൽ ഇന്റേണൽ മെഡിസിൻ ചെയർ, ക്യൂണിപ്പിയാക് യൂണിവേഴ്സിറ്റി ഡീൻ), മൂന്ന് മക്കളുണ്ട്. രണ്ടാമത്തെ മകൻ ലിറ്റൻ തോമസ് (ഐ ടി. പ്രൊഫഷണൽ) ഭാര്യ ബെറ്റ്സി (ഫിസിക്കൽ തെറാപ്പിസ്റ്റ് മൂന്ന് മക്കളുണ്ട്. മുന്നാമത്തെ മകൾ ലിൻസി (അറ്റോർണി ഭർത്താവ് സോണി ജേക്കബ് (കമ്പ്യൂട്ടർ പ്രോഗ്രാമർ) ഒരു കുട്ടിയുണ്ട്. ഇളയമകൻ ലവൻ (എഞ്ചിനീയർ) ഭാര്യ ടീന (ഡോക്ടർ ) രണ്ട് മക്കളുണ്ട്. കേരളത്തിൽ മൂന്ന് സഹോദരങ്ങളും അവരുടെ കുടുംബവും ഉണ്ട്. ഇവരെല്ലാം പി.റ്റി. തോമസിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ്ണ പിന്തുണ നൽകുന്നു.
പി. റ്റി. തോമസ് യാത്ര തുടരുകയാണ്. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് നടത്തുന്ന യാത്ര. ഈ യാത്രയിൽ നിരവധി സുമനസുകളുടെ പ്രാർത്ഥനകൾ അദ്ദേഹത്തിന് കരുത്താകുന്നു. കാരണം അവരുടെയൊക്കെ വിഷമങ്ങളിൽ കരുത്തായി ഒപ്പം നിന്ന പി.റ്റി എന്ന നന്മയെ എങ്ങനെ മറക്കും. പി. റ്റി. തോമസ് യാത്ര തുടരട്ടെ. ഒരിക്കലും അവസാനിക്കാത്ത നന്മയുടെ കരുതലുമായി . ഈ യാത്ര തുടരുക ... ഈ കാലടികളെ പിന്തുടരുവാൻ ഒരു വലിയ സമൂഹം ഒപ്പമുണ്ട്. പ്രാർത്ഥനകൾ