എച്ച്1ബി വിസ അപേക്ഷ ഫീസ് 88 ലക്ഷം രൂപ! ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി

വാഷിങ്ടൺ: യുഎസിലെ വിസയുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ ഗുരുതരമായി ബാധിക്കുന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി, H1-B വിസയുടെ ഫീസ് പ്രതിവർഷം 100,000 ഡോളറായി വർധിപ്പിക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ഇതോടെ പരമാവധി നാല് ലക്ഷത്തോളം രൂപ മാത്രം ചെലവായിരുന്ന വിസയുടെ പ്രതിവർഷ ഫീസ് 88 ലക്ഷം രൂപയായാണ് കുതിച്ചുയരുന്നത്.
H1B നോൺ-ഇമിഗ്രന്‍റ് വിസ പ്രോഗ്രാം രാജ്യത്ത് നിലവിലുള്ള കുടിയേറ്റ സംവിധാനങ്ങളിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ് എന്നാണ് വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വിൽ ഷാർഫ് അഭിപ്രായപ്പെട്ടത്. അമെരിക്കക്കാർ ചെയ്യാത്ത മേഖലകളിൽ ജോലി ചെയ്യുന്ന വളരെ വൈദഗ്ധ്യമുള്ള തൊഴിലാളികളെ യുഎസിൽ പ്രവേശിപ്പിക്കാനാണ് ഈ വിസ സമ്പ്രദായം നേരത്തെ ഏർപ്പെടുത്തിയത്.