കെപിസിസി പുനഃസംഘടിപ്പിച്ചു ; സന്ദീപ് വാര്യർ അടക്കം 58 ജനറൽ സെക്രട്ടറിമാരുമായി ജംബോ പട്ടിക

Oct 16, 2025 - 20:26
 0  5
കെപിസിസി പുനഃസംഘടിപ്പിച്ചു ;  സന്ദീപ് വാര്യർ അടക്കം  58 ജനറൽ സെക്രട്ടറിമാരുമായി ജംബോ പട്ടിക

ന്യൂഡൽഹി: കോൺഗ്രസ്സ് നേതൃത്വത്തിന്റെ ദീർഘനാളത്തെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം കെപിസിസി പുനഃസംഘടനയുടെ പൂർണ്ണമായ പട്ടിക എഐസിസി നേതൃത്വം പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാർ, 13 വൈസ് പ്രസിഡന്റുമാർ എന്നിവരടങ്ങുന്ന ഒരു വലിയ ‘ജംബോ’ സമിതിയാണ് നിലവിൽ വന്നിരിക്കുന്നത്.

സംഘടനയുടെ നയപരമായ തീരുമാനങ്ങളെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമിതിയായ രാഷ്ട്രീയകാര്യ സമിതിയിൽ ആറ് പുതിയ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി വിപുലീകരണം വരുത്തിയിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ.കെ. മണി, സി.പി. മുഹമ്മദ് എന്നിവരാണ് പുതുതായി രാഷ്ട്രീയ കാര്യ സമിതിയിലേക്ക് എത്തിയ അംഗങ്ങൾ.

സംഘടനാ തലത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിൽ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്ന എം. ലിജുവിനെ ആ സ്ഥാനത്തുനിന്ന് മാറ്റി കെപിസിസി വൈസ് പ്രസിഡന്റായി നിയമിച്ചു. അടുത്തിടെ തിരുവനന്തപുരം ഡിസിസി (ജില്ലാ കോൺഗ്രസ് കമ്മിറ്റി) അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെയും കെപിസിസി വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഉൾപ്പെടുത്തി. കൂടാതെ, വി.എ. നാരായണനാണ് കെപിസിസിയുടെ ട്രഷറർ സ്ഥാനം ലഭിച്ചിരിക്കുന്നത്.