അക്ഷരങ്ങളോട് പൊരുതിയ പെൺകുട്ടി: ലീലാമ്മ തോമസ് ബോട്സ്വാന
ഒരിക്കൽ അക്ഷരങ്ങളെ ഞാൻ പേടിച്ചിരുന്നു. വാക്കുകൾക്കു മുന്നിൽ എന്റെ നാവ് മൗനം പാലിച്ചിരുന്നു. നീണ്ട വാക്കുകൾ കണ്ടാൽ മനസ്സിൽ ഭയം നിറഞ്ഞിരുന്നു.
പഠിച്ചുകൊണ്ടിരുന്ന കാലത്ത് എന്നെ പെണ്ണുകാണാൻ വന്നൊരു ചെറുപ്പക്കാരൻ ഒരു പരിഹാസം ബാക്കിവെച്ചുപോയി.
“മലയാള അക്ഷരങ്ങൾ പോലും വായിക്കാനറിയാത്ത ഒരാളുടെ കൊച്ചിന്റെ തള്ളയാകാൻ എനിക്ക് താൽപര്യമില്ല!”
കാരണം, അയാൾ ഇംഗ്ലീഷിലാണ് സംസാരിച്ചിരുന്നത്.
അന്നൊന്നും ഞാൻ മറുപടി പറഞ്ഞില്ല. വെറുതെ പുഞ്ചിരിച്ചു. പക്ഷേ, ഉള്ളിൽ ഒരു തീ കത്തിയിരുന്നു. ആ തീ ഇന്നും അണഞ്ഞിട്ടില്ല.
എന്നെ തോൽപ്പിക്കാൻ ശ്രമിച്ച വാക്കുകൾക്കു മുന്നിൽ തോറ്റുകൊടുക്കാൻ ഞാൻ തയ്യാറായില്ല.
പുസ്തകങ്ങളിലേക്ക് തിരിഞ്ഞു. അക്ഷരങ്ങളെ കൂട്ടുകാരാക്കി. വാക്കുകളോടൊപ്പം നടന്നു. ഒരിക്കൽ പേടിച്ചിരുന്ന അക്ഷരങ്ങൾ പതുക്കെ എന്റേതായി. വാക്കുകൾ എന്റെ ചുണ്ടിൽ പാട്ടുകളായി വിരിഞ്ഞു. പേന എന്റെ കൈയിൽ പുതിയൊരു കരുത്തായി.
ഇന്നലെ, ബിൽ ഗേറ്റ്സിന്റെ കൂട്ടായ്മയിൽ ഒരാൾ കളിയായി ചോദിച്ചു:
“ഏറ്റവും നീളം കൂടിയ ഇംഗ്ലീഷ് വാക്ക് ഏതാണ്?”
ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു:
“ഇംഗ്ലീഷ് വാക്കുകൾ കാട്ടി ഇനി എന്നെ പേടിപ്പിക്കേണ്ട!”
ഒരിക്കൽ എന്നെ ഭയപ്പെടുത്തിയ ആ നീണ്ട വാക്ക്:
*ഹിപ്പൊപൊട്ടോമോൺസ്ട്രോസെസ്‌ക്വിപെടലിയോഫോബിയ*.
നീണ്ട വാക്കുകളോടുള്ള ഭയത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണിത്.
പക്ഷേ, എന്റെ ജീവിതം എന്നെ പഠിപ്പിച്ചത് ആ വാക്കിന്റെ അർത്ഥം മാത്രമല്ല, ഭയത്തെ എങ്ങനെ നേരിടണമെന്നും കൂടിയാണ്.
അപമാനത്തെ മഷിയാക്കി, മൗനത്തെ എഴുത്താക്കി, ഭയത്തെ ധൈര്യമാക്കി ഞാൻ എന്റെ വഴിയിലൂടെ നടന്നു.
ഇന്നെന്റെ മുന്നിൽ അക്ഷരങ്ങളുണ്ട്. പിന്നിൽ ഒരുപാട് ഓർമ്മകളും.
ഒരിക്കൽ അക്ഷരങ്ങൾക്കു മുന്നിൽ തലകുനിച്ചുനിന്ന പെൺകുട്ടി ഇന്ന് വാക്കുകളെ ചേർത്തുപിടിക്കുന്നു. ഒരിക്കൽ എന്നെ ചെറുതായി കണ്ട വാക്കുകൾക്കു മുന്നിൽ ഇന്ന് ഞാൻ തലകുനിക്കുന്നില്ല.
ആരെങ്കിലും വീണ്ടും ചോദിച്ചാൽ,
“ഏറ്റവും നീളം കൂടിയ വാക്ക് ഏതാണ്?”
ഞാൻ പുഞ്ചിരിച്ചുകൊണ്ടു പറയും:
*എന്റെ ജീവിതത്തിലെ ഏറ്റവും നീളം കൂടിയ വാക്ക് ധൈര്യം!*
അക്ഷരങ്ങളോട് പൊരുതിയ പെൺകുട്ടി ഒടുവിൽ തിരിച്ചറിഞ്ഞു,
അക്ഷരങ്ങൾ ശത്രുക്കളല്ല. അവൾക്കു ചിറകുകൾ നൽകുന്ന കൂട്ടുകാരാണ്.
അക്ഷരങ്ങളോട് പൊരുതരുത്. അവയെ ചേർത്തുപിടിക്കണം. കാരണം, നമ്മൾ ഒരിക്കൽ ഭയന്ന അക്ഷരങ്ങൾ തന്നെയാകാം നാളെ നമ്മുടെ ശബ്ദമായി മാറുന്നത്.
അക്ഷരങ്ങളോടുള്ള യാത്രയിൽ ഇനിയും ഒരുപാട് പഠിക്കാനുണ്ട്, പങ്കുവെക്കാനുണ്ട്, എഴുതാനുമുണ്ട്.