പ്രധാനമന്ത്രിക്ക് ഘാനയുടെ പരമോന്നത ദേശീയ ബഹുമതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ പശ്ചിമാഫ്രിക്കൻ രാഷ്ട്ര സന്ദർശന വേളയിൽ പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമയാണ് ഈ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചത്.
തുടർന്ന് 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന' എന്ന ബഹുമതി ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ഈ ബഹുമതി വെറുമൊരു വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ താൻ സ്വീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കൾക്കും, അതിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും ഇന്ത്യയും ഘാനയും തമ്മിലുള്ള ബന്ധത്തിനും അദ്ദേഹം അവാർഡ് സമർപ്പിച്ചു.