ഇന്ത്യ-ഗള്‍ഫ് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്

Oct 6, 2026 - 18:57
 0  4
ഇന്ത്യ-ഗള്‍ഫ് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്

2026-ലെ ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി ഇന്ത്യന്‍ നഗരങ്ങളും മിഡില്‍ ഈസ്റ്റും തമ്മിലുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഈ മേഖലയിലേക്ക് പ്രതിദിനം 135 വരെ സര്‍വീസുകള്‍ നടത്താനാണ് കമ്പനി ഒരുങ്ങുന്നത്. ബെംഗളൂരു, ഡല്‍ഹി, മുംബൈ, കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും മിഡില്‍ ഈസ്റ്റിലേക്കുള്ള സര്‍വീസുകളുടെ എണ്ണമാണ് എയര്‍ലൈന്‍ വര്‍ധിപ്പിക്കുന്നത്.

ദുബായ്, അബുദാബി, ഷാര്‍ജ, ദമാം, ജിദ്ദ, റിയാദ്, ദോഹ, മസ്‌കറ്റ്, കുവൈത്ത് സിറ്റി, അല്‍ ഐന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെ, ഇന്ത്യയും മിഡില്‍ ഈസ്റ്റും തമ്മിലുള്ള ഏറ്റവും തിരക്കേറിയ റൂട്ടുകളിലാണ് ഈ വര്‍ധനവ് നടപ്പിലാക്കുന്നത്. 88 നോണ്‍-സ്റ്റോപ്പ് റൂട്ടുകളിലൂടെ ഇന്ത്യയിലെ 23 നഗരങ്ങളെ ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ 12 പ്രധാന കേന്ദ്രങ്ങളുമായി ഈ വിമാനങ്ങള്‍ ബന്ധിപ്പിക്കും.ഇത് ഇന്ത്യ-മിഡില്‍ ഈസ്റ്റ് റൂട്ടിലെ ഏറ്റവും വലിയ വിമാന സര്‍വീസ് ദാതാക്കളില്‍ ഒരാളെന്ന നിലയില്‍ എയര്‍ലൈനിന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്നു. 

എയര്‍ലൈനിന്റെ അന്താരാഷ്ട്ര ശൃംഖലയില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് മിഡില്‍ ഈസ്റ്റ് മേഖലയാണ്. ഈ ശൈത്യകാലത്ത്, ലോകമെമ്പാടുമുള്ള 99 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം 150 വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഈ ശൃംഖല വഴി ലഭ്യമാകും.