തിരുവനന്തപുരത്തുനിന്ന് റിയാദിലേക്കും ബഹ്‌റൈനിലേക്കും നേരിട്ട് സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ബഹ്‌റൈനിലേക്കും നേരിട്ട് സർവീസുകൾ ആരംഭിക്കാൻ എയർ ഇന്ത്യ. ഗൾഫ് മേഖലയുമായുള്ള ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഒക്ടോബർ 27 മുതലാണ് സർവീസുകൾ ആരംഭിക്കുക.
തിരുവനന്തപുരത്തിനും സൗദി അറേബ്യൻ തലസ്ഥാനത്തിനും ഇടയിൽ നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി എന്ന ദീർഘകാല ആവശ്യം പുതിയ റിയാദ് സർവീസ് പരിഹരിക്കുമെന്നും കേരളത്തിനും സൗദി അറേബ്യയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുമെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കി.
ദമാമിലേക്കുള്ള നിലവിലുള്ള പ്രതിദിന എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾക്ക് പകരമായി ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്‌ചയിൽ മൂന്ന് തവണ റിയാദ് സർവീസ് നടത്തും. പുതിയ ബഹ്‌റൈൻ സർവീസ് വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്‌ചയിൽ രണ്ടുതവണ സർവീസ് നടത്തുമെന്നും വിമാനത്താവളം അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ദിവസേന ഗൾഫ് എയർ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.