12 വർഷമായി ജയിലിൽ; ജാമ്യം അനുവദിക്കണം'; ടി പി വധക്കേസ് പ്രതികൾ സുപ്രീംകോടതിയിൽ

12 വർഷമായി ജയിലിൽ; ജാമ്യം അനുവദിക്കണം'; ടി പി വധക്കേസ് പ്രതികൾ  സുപ്രീംകോടതിയിൽ

ടി പി വധക്കേസ് പ്രതികൾ ശിക്ഷാ ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളാണ് സുപ്രീംകോടതിയിൽ അപ്പീല്‍ നല്‍കിയിരിക്കുന്നത്. 12 വർഷമായി ജയിലിൽ കഴിയുകയാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ടിപി വധക്കേസിൽ പ്രതികൾ സമർപ്പിച്ച ഹർജികൾ തള്ളിയ ഹൈക്കോടതി ഇരട്ട ജീവപര്യന്തം ശരിവെക്കുകയായിരുന്നു.

പ്രതികൾ ജാമ്യം നേടുന്നതിന് പോലും അർഹരല്ലെന്നും ശിക്ഷാ വിധി നടപ്പാക്കി 20 വഞഷത്തിന് ശേഷം മാത്രമെ ഇളവുകളിൽ നടപടി സ്വീകരിക്കാൻ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു, കെ കെ കൃഷ്ണന്‍ എന്നിവരും അപ്പീല്‍ നല്‍കിയിട്ടുണ്ട്. ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവരുടെ ഹര്‍ജി. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇത് റദ്ദ് ചെയ്ത ഹൈക്കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.