ആത്മഹത്യയുടെ വക്കിലാണ്, ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പിരിച്ചുവിടണം; ഗതാഗത മന്ത്രിക്ക് പരാതി നല്‍കി യദു

ആത്മഹത്യയുടെ വക്കിലാണ്, ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കില്‍ പിരിച്ചുവിടണം; ഗതാഗത മന്ത്രിക്ക് പരാതി നല്‍കി യദു

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലിയില്‍ നിന്ന് മാറ്റി നിർത്തിയ കെഎസ്‌ആർടിസി ബസ് ഡ്രൈവർ യദു, ജോലിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി രംഗത്ത്.

ജോലിയില്‍ തിരിച്ചെടുക്കുകയോ അല്ലെങ്കില്‍ പിരിച്ചുവിടുകയോ ചെയ്യണമെന്ന പ്രതിഷേധ പ്ലക്കാർഡുമായാണ് യദു രംഗത്തെത്തിയത്. ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാറിന് പരാതി നല്‍കിയതായും യദു പറഞ്ഞു.

'ജോലിയില്‍ തിരിച്ചെടുക്കുക അല്ലെങ്കില്‍ പറഞ്ഞുവിടുക. ഞാനും മകനും ജീവിക്കാൻ വയ്യാതെ ആത്മഹത്യയുടെ വക്കിലാണെ'ന്ന് യദുവിന്റെ പരാതിയില്‍ പറയുന്നു. കെഎസ്‌ആർടിസി ബസ് അപകടകരമായ വിധത്തില്‍ ഓടിച്ചെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നുമുള്ള മേയറുടെ പരാതിയിലാണ് യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിർത്തിയത്. ആര്യയുടെ ആരോപണങ്ങള്‍ യദു നിഷേധിച്ചിരുന്നു.

കഴിഞ്ഞ ഏപ്രിലിലായിരുന്നു യദവും മേയർ ആര്യ രാജേന്ദ്രനുമായുള്ള വാക്കേറ്റം നടന്നത്. ആര്യയുടെ പരാതിയില്‍ പൊലീസ് ആദ്യം തന്നെ കേസെടുത്തിരുന്നു. എന്നാല്‍ ബസിന് കുറുകെ വാഹനം നിർത്തിയിട്ട് യാത്രക്കാരെ ഇറക്കിവിടുകയും സർവീസ് മുടക്കിയെന്നും ചൂണ്ടിക്കാട്ടി യദു നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് കോടതിയും മനുഷ്യവകാശ കമ്മീഷനും ഇടപെട്ടതോടെയാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്.