6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരി അഭിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. പ്രതികൾ കാണാമറയത്ത് തുടരുകയാണ്. അവരിലേക്ക് എത്താൻ അധികദൂരവും സമയവും വേണ്ടിവരില്ലെന്ന പല്ലവി ആവർത്തിക്കുന്നതല്ലാതെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതേസമയം കുട്ടിയെ തട്ടിക്കാണ്ടുപോയ സംഘാംഗമെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്തുവിട്ടു.

സംഘത്തിൽ രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സംഘത്തിന് പുറത്തുനിന്ന് പലതവണ സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിന് പിന്നിൽ അടിമുടി ദുരൂഹതകൾ ഉണ്ടെന്നാണ് നിഗമനം. ഇതിന്‍റെ ചുരുൾ അഴിക്കുക അൽപ്പം ശ്രമകരമാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പ്രഫഷണൽ സംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഇവരുടെ ഇതുവരെയുള്ള നീക്കങ്ങളിൽ കൃത്യമായ ആസൂത്രണം ഉണ്ടായിട്ടുണ്ട്.

നേരത്തെ ചില സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുട്ടിയെ കണ്ടെത്തി അടുത്ത ദിവസത്തിലേക്ക് കടക്കുമ്പോഴും പ്രതികളിൽ ഒരാളിലേക്കെങ്കിലും എത്താൻ പൊലീസിന് കഴിയാത്തത് വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കുന്നത്. പ്രതികൾ കുട്ടിയുമായി തങ്ങിയ വലിയവീട് എവിടെയാണെന്ന കാര്യത്തിൽ ഇതുവരെയും ഒരു വ്യക്തതയും ഇല്ല. പൊലീസിന്‍റെ നീക്കങ്ങൾ സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി സംശയമുണ്ട്.