സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാൻ നിയമം; കരട് ബിൽ തയാറാക്കാൻ സമിതി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാ ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നു. രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതും ചികിത്സാ ചെലവിലെ സുതാര്യതയില്ലായ്മയും തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിൻ്റെ കരട് തയാറാക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാലംഗ സമിതി രൂപീകരിക്കും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കെഎംഎസ്സിഎൽ മാനേജിംഗ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും.
സ്വകാര്യ ആശുപത്രിമേഖലയുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും കൂടിയാലോചിച്ച് ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ചികിത്സയുടെ ഗുണനിലവാരം, സുതാര്യത, രോഗികളുടെ സുരക്ഷ, സേവനങ്ങളുടെ ലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള ശുപാർശകൾ കമ്മിറ്റി സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ്, മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനകളുടെ നിരക്ക്, മുറിവാടക, വിവിധ ചികിത്സാ പ്രൊസീജറുകൾക്കും ഇടപെടലുകൾക്കുമുള്ള നിരക്ക് എന്നിവ വിശദമായി പരിശോധിച്ചാകും നിയമ നിർമാണത്തിനുള്ള നിർദേശങ്ങൾ തയാറാക്കുക.
സ്വകാര്യ ആശുപത്രികൾ കേരളത്തിൻ്റെ ആരോഗ്യരംഗത്ത് നിർണായക സാന്നിധ്യമാണെങ്കിലും ചില ആശുപത്രികൾ പാവപ്പെട്ടവരെ അമിതമായി ചൂഷണം ചെയ്യുന്നതായി മന്ത്രി കെ. മുരളീധരൻ പറഞ്ഞു. താങ്ങാനാകാത്ത സ്വകാര്യ ആശുപത്രികളിലെ ബില്ലുമായി നിരവധി പേരാണ് സഹായം തേടി എത്തുന്നത്. ആരോഗ്യരംഗത്തെ ഈ അമിത കച്ചവട താത്പര്യം അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.