മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

റാഞ്ചി:ഭൂമി കുംഭകോണകേസില്‍ മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചു. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഭൂമി കുംഭകോണ കേസില്‍ ജനുവരിയിലാണ് ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തത്. കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഛാവി രഞ്ജന്‍ അടക്കം 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമാണ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) നേതാവിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയിരുന്നത്.

അറസ്റ്റ് ഉണ്ടായേക്കുമെന്ന് അറിഞ്ഞതോടെ ജനുവരി 31 ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടൂ എന്ന് സോറന്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍ രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ചംബൈ സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു