രാഹുല്‍ പ്രതിപക്ഷ നേതാവാകും: പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

രാഹുല്‍ പ്രതിപക്ഷ നേതാവാകും: പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി
ന്യൂഡല്‍ഹി: ലോക്സഭയില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ നയിക്കും. ഇന്നു ചേർന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതിയിലാണ് തീരുമാനമുണ്ടായത്.
ഇതു സംബന്ധിച്ച പ്രമേയം പ്രവർത്തക സമിതി പാസാക്കി. മുതിര്‍ന്ന നേതാവെന്ന നിലയില്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുകയായിരുന്നു.

അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്നതിലും ചര്‍ച്ച തുടരുകയാണ്. രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ രാഹുല്‍ അടുത്തയാഴ്ചയെത്തും. അതിന് ശേഷമായിരിക്കും ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്ന് കേരളത്തിലെ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടു. അതേസമയം റായ്ബറേലി നിലനിര്‍ത്തണമെന്നാണ് ഉത്തര്‍പ്രദേശ് പിസിസിയുടെ നിലപാട്.