15 വർഷം മുൻപ് കാണാതായ കലയെന്ന യുവതി കൊല്ലപ്പെട്ടെന്ന് സൂചന; സെപ്റ്റിക് ടാങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

15 വർഷം  മുൻപ് കാണാതായ കലയെന്ന യുവതി  കൊല്ലപ്പെട്ടെന്ന് സൂചന; സെപ്റ്റിക് ടാങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ലപ്പുഴ : മാവേലിക്കരയില്‍ 15 വര്‍ഷം മുമ്ബ് കാണാതായ യുവതിയുടെ മൃതദേഹത്തിനായി നടത്തിയ പരിശോധനയില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി.

മൃതദേഹം കലയുടേതെന്ന് ശാസ്ത്രീയ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു. മണ്ണുമാന്തി യന്ത്രമെത്തിച്ച്‌ മണ്ണുമാറ്റിയ ശേഷമാണ് സ്ലാബ് തുറന്നത്.

കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്ബലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ കേസില്‍ തുടരന്വേഷണം നടന്നില്ല. 15 വര്‍ഷം മുമ്ബ് കാണാതായ കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമകത്തുകള്‍ പോലീസിന് നിരന്തരമായി ലഭിക്കാന്‍ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത് .തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കലയുടെ ഭര്‍ത്താവിന്റെ അഞ്ച് സുഹൃത്തുക്കള്‍ പോലീസിന്റെ പിടിയിലാവുന്നത്.

കാറില്‍ വെച്ച്‌ കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം  സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന സൂചനയെത്തുടര്‍ന്ന് കലയുടെ ഭര്‍ത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോമന്‍, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

മാന്നാര്‍ പൊലീസ് പറയുന്നത്: കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുള്ളത്. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കൊന്ന് കുഴിച്ചിട്ടെന്നാണ് സൂചന. പൊലീസ് ഇവിടെ പരിശോധന നടത്തുകയാണ്.

മൂന്നുമാസത്തിന് മുന്‍പ് ഇത് സംബന്ധിച്ച്‌ മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു ഊമക്കത്ത് ലഭിച്ചതോടെയാണ് ഈ കേസില്‍ അന്വേഷണം തുടങ്ങിയത്. കേസിലെ പ്രതിയായ ഒരാള്‍ നേരത്തെ ഭാര്യയെയും മക്കളെയും അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.

ഇരു സമുദായത്തിലുള്ള കലയും അനിലും തമ്മിലുള്ള പ്രണയവിവാഹത്തില്‍ അനിലിന്റെ ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലായിരുന്നു. അതിനാല്‍ ബന്ധുവീട്ടിലാണ് വിവാഹശേഷം കലയെ താമസിപ്പിച്ചിരുന്നത്. കലയെ ഇവിടെ നിര്‍ത്തിയശേഷം അനില്‍ പിന്നീട് അംഗോളയിലേക്ക് ജോലിക്കുപോയി.

ഇതിനിടെ കലയ്ക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന് ചിലര്‍ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ദമ്ബതികള്‍ തമ്മില്‍ തര്‍ക്കവും ഉണ്ടായിരുന്നു. വഴക്കിനെത്തുടര്‍ന്ന് കല വീട്ടിലേക്ക് തിരികെപ്പോകാന്‍ തുനിഞ്ഞപ്പോള്‍ മകനെ തനിക്കുവേണമെന്ന് അനില്‍ ആവശ്യപ്പെട്ടു. പിന്നീട് നാട്ടിലെത്തിയശേഷം കലയുമായി സംസാരിക്കുകയും കാര്‍ വാടകയ്ക്കെടുത്ത് കുട്ടനാട് ഭാഗങ്ങളില്‍ യാത്ര പോകുകയും ചെയ്തു.

ഇതിനിടെ, സുഹൃത്തുക്കളായ അഞ്ചുപേരെ വിളിച്ചുവരുത്തി കാറില്‍വച്ച്‌ കലയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. പിന്നാലെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിടുകയും ചെയ്തുവെന്നാണ് സംശയം. കലയുടെ ഭര്‍ത്താവായ അനില്‍ ഇസ്രായേലിലാണ് ഇപ്പോഴുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ നാട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

27 വയസുള്ളപ്പോഴാണ് കലയെ കാണാതാവുന്നത്.