ലാഭവിഹിതം നല്‍കിയില്ല; ആര്‍.ഡി.എക്സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി

ലാഭവിഹിതം നല്‍കിയില്ല; ആര്‍.ഡി.എക്സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി

കൊച്ചി: വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്ന് ആരോപിച്ച്‌ ആർ.ഡി.എക്സ് നിർമാതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി.

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്ജനയാണ് പരാതിയുമായി രംഗത്തെത്തിയത്. ചിത്രത്തിന്റെ നിർമാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവർക്കെതിരെ അഞ്ജന അബ്രഹാമാണ് തൃപ്പൂണിത്തുറ പോലീസില്‍ പരാതി നല്‍കിയത്.

ആറുകോടി രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചെന്നും വ്യാജരേഖ ഹാജരാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ചിത്രം 100 കോടിയിലേറെ സ്വന്തമാക്കിയെന്ന് പരസ്യം നല്‍കിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കള്‍ക്കെതിരെ ഇ.ഡി അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സമാനസ്വഭാവമുള്ള മറ്റൊരു സംഭവംകൂടി പുറത്തവരുന്നത്.

2023-ലെ ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രമാണ് ആർ.ഡി.എക്സ്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ്, മഹിമ നമ്ബ്യാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.