മോദിയുടെ വികസിത്‌ ഭാരത്‌ വാട്ട്‌സ്‌ആപ്പ് സന്ദേശം നിര്‍ത്തണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍

മോദിയുടെ വികസിത്‌ ഭാരത്‌  വാട്ട്‌സ്‌ആപ്പ്  സന്ദേശം  നിര്‍ത്തണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍

ന്യൂഡല്‍ഹി: വാട്ട്‌സ്‌ആപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഭാരത്‌ സന്ദേശം അയയ്‌ക്കുന്നത്‌ ഉടന്‍ നിര്‍ത്തണമെന്ന്‌ കേന്ദ്രസര്‍ക്കാരിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം.

പൊതുതെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചശേഷം ഇത്തരം സന്ദേശങ്ങള്‍ വ്യക്‌തികള്‍ക്ക്‌ അയയ്‌ക്കുന്നത്‌ പെരുമാറ്റച്ചട്ട ലംഘനമാണെന്നു കാട്ടി ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. നിര്‍ദേശം പാലിക്കുന്നതു സംബന്ധിച്ച്‌ കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തില്‍നിന്ന്‌ കമ്മിഷന്‍ റിപ്പോര്‍ട്ടും തേടി.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ വികസനനേട്ടങ്ങള്‍ പരാമര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ കത്ത്‌ ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ്‌ വാട്ട്‌സ്‌ആപ്പിലൂടെ വ്യക്‌തികളിലേക്കെത്തിയത്‌. കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത വാട്ട്‌സ്‌ആപ്പ്‌ അക്കൗണ്ടില്‍നിന്നാണ്‌ സന്ദേശം അയച്ചിരുന്നത്‌. ഇതിനെതിരേ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ പരാതിയുമായി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷവും വിദേശത്തടക്കമുള്ള പൗരന്മാരുടെ ഫോണുകളിലേക്ക്‌ ഇത്തരം സന്ദേശമെത്തുന്നുവെന്നുകാട്ടി വിവിധ കോണുകളില്‍നിന്ന്‌ പരാതി ലഭിച്ചിട്ടുണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വ്യക്‌തമാക്കി. ഇത്തരം സന്ദേശങ്ങള്‍ അയയ്‌ക്കുന്നത്‌ ഉടന്‍ തന്നെ അവസാനിപ്പിക്കണം- കമ്മിഷന്‍ നിര്‍ദേശിച്ചു