തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

Oct 10, 2026 - 15:13
 0  7
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ‌ ഗാന്ധി. ശനിയാഴ്ച ചെന്നൈയിലെ നീലാങ്കരയിലുള്ള വിജയ്‌യുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

രാഹുൽ ഗാന്ധിയും വിജയ്‌യും ഒരു മണിക്കൂറോളം അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. നിരവധി രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തുവെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും നീലാങ്കരയിലെ വസതിക്ക് സമീപത്തെ കഫേയിൽ എത്തി കാപ്പിയും കുടിച്ചു. ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന്‍റേതാണ് ഈ കഫേയെന്നാണ് വിവരം. തുടർന്ന് രാഹുൽ ഗാന്ധി നഗരത്തിലെ ഹോട്ടലിലേക്ക് പോയി.

വിദ്യാർഥികളുമായി നടത്തുന്ന ഛാത്രോൻ കി ഗൂഞ്ച് പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി ചെന്നൈയിൽ എത്തിയത്. രാഹുലിന്‍റെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ചെന്നൈയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ചെന്നൈ പൊലീസ് കമ്മിഷണർ എ. അമൽരാജിന്‍റെ നേതൃത്വത്തിൽ 15,000 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. വിദ്യാർഥികളുമായുള്ള സംവാദം നടക്കുന്ന ഐലൻഡ് ഗ്രൗണ്ട്സും വിശിഷ്ട വ്യക്തികൾ സഞ്ചരിക്കുന്ന വഴികളും കനത്ത നിരീക്ഷണത്തിലാണ്.

ഛാത്രോൻ കി ഗൂഞ്ച് പരിപാടിയിൽ ക്യുആർ കോഡ് മുഖേന മാത്രമായിരിക്കും പ്രവേശനം.