സാരിത്തലപ്പുകൊണ്ട് ചിന്നുമോളുടെ നെറ്റിയിലെ ചോര ഒപ്പിയെടുത്തപ്പോൾ താൻ വല്ലാതെ തേങ്ങി. അതു നോക്കിയിരുന്ന രമ്യ ടീച്ചർ പറഞ്ഞു:
"എന്ത് ചെയ്യാനാ വരദേ . എല്ലാം ഭിന്നശേഷിക്കാരായ കുട്ടികളല്ലേ? സ്വന്തം കുട്ടികളാകുമ്പോൾ നമുക്ക് കൂടുതൽ വേദനിക്കും, അല്ലേ ?"
അവൾ സഹതാപത്തോടെ എന്നെ നോക്കി. ആ നോട്ടം കണ്ട് പറഞ്ഞു. .
"സന്തോഷ് എന്ന ആ കുട്ടി രമ്യയുടെ ക്ലാസ്സിലാണെല്ലോ. ഓട്ടിസത്തിന്റെ പൂർണ്ണരൂപമാണ് അവന് എന്നറിയാം."
എന്റെ വാക്കുകൾ കേട്ട് രമ്യ ഇടർച്ചയോടെ പറഞ്ഞു.
"ഇങ്ങനെയുള്ള ചില കുട്ടികൾ പെട്ടെന്ന് അക്രമകാരികളാകും.. ആരെയാണോ എന്തിനെയാണോ ആക്രമിക്കുന്നതെന്ന് അവർക്ക് ഒരു രൂപവും ഉണ്ടാവില്ല. അവന്റെ കുടുംബ പശ്ചാത്തലവും അത്ര ശരിയല്ലെന്നറിയാം ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണവൻ. അച്ഛൻ കള്ളുകുടിച്ചു വന്ന് അവനെയും അമ്മയെയും ഉപദ്രവിക്കും. അതിന്റെ പക അവന്റെ ഉള്ളിൽ കിടപ്പുണ്ടാകും. അതാണ് അവൻ മറ്റുള്ളവരിൽ തീർക്കുന്നത്. ഭിന്നശേഷിക്കൊപ്പം അരക്ഷിതത്വവും പേറുന്ന കുട്ടി. അവനോട് സഹതപിക്കാൻ മാത്രമേ ആവുന്നുള്ളൂ.".
ഹോസ്പിറ്റലിൽ എത്തിയ ഉടനെ ഡോക്ടർ ചിന്നുമോളെ പരിശോധിച്ചു. അവളുടെ നെറ്റിയിലെ മുറിവ് പരിശോധിച്ച ഡോക്ടർ ആഷിക് പറഞ്ഞു:
"മുറിവ് അത്ര സാരമുള്ളതല്ല. അധികം താമസിയാതെ ഭേദമാകും"
അദ്ദേഹം അത് ക്ലീൻ ചെയ്ത് മരുന്നു വച്ച് ബാൻഡേജിട്ടു. എന്നിട്ട് ചിന്നുവിനോട് പറഞ്ഞു:
"അങ്കിൾ മരുന്നു വച്ചിട്ടുണ്ട് കേട്ടോ, വേഗം ഉണങ്ങും."
ഡോക്ടറുടെ വാക്കുകൾ അവൾ ഉൾക്കൊണ്ടതായി തോന്നിയില്ല. എന്നാൽ നെറ്റിയിലെ ബാൻഡേജ് അവളെ അലോസരപ്പെടുത്തുന്നതായി തോന്നി.
അവൾ അത് വലിച്ചുപറിച്ചു കളയാൻ ഭാവിച്ചപ്പോൾ അദ്ദേഹം അവളെ തടഞ്ഞു . "നോ..."
ഡോക്ടറുടെ അല്പം ഉറക്കെയുള്ള ശബ്ദം കേട്ട് അവൾ പേടിച്ചു.എന്നെ നോക്കി കരയാൻ ഭാവിച്ചപ്പോൾ അവൾക്കിഷ്ടമുള്ള ചോക്ലേറ്റ് അദ്ദേഹം പോക്കറ്റിൽ നിന്നെടുത്ത് കൊടുത്തു. അതോടെ അവൾ ശാന്തയായി.
ചോക്ലേറ്റ് എന്തു ചെയ്യണമെന്നറിയാതെ അവൾ കയ്യിൽ വച്ചു കൊണ്ടിരിക്കുന്നതു കണ്ട് അത് വാങ്ങി,പുറമേയുള്ള വർണ്ണക്കടലാസ് കളഞ്ഞ ശേഷം അവളുടെ വായിൽ വച്ചുകൊടുത്തു.
"ചോക്ലേറ്റ് എപ്പഴും കഴിക്കുന്നത് നന്നല്ല കേട്ടോ".
ഉപദേശിക്കും പോലെ പറഞ്ഞ് അദ്ദേഹം അവളുടെ പുറത്തു തട്ടിയ ശേഷം നടന്നകന്നു.
ചോക്ലേറ്റ് നുണഞ്ഞ് ശബ്ദമുണ്ടാക്കി ചിരിച്ചുകൊണ്ട് വികൃതമായ ചില ചേഷ്ടകൾ അവൾ കാണിക്കുവാൻ തുടങ്ങി. ഇഷ്ടമുള്ളത് കയ്യിൽ കിട്ടുമ്പോൾ അവൾ കാണിക്കാറുള്ള ചേഷ്ടകൾ!
.
രമ്യയുടെ കണ്ണുകളിൽ സഹതാപം നിറഞ്ഞു .അത് കണ്ണുനീരലകളായി ഇരുമിഴികളിലൂടെ ഒഴുകിയിറങ്ങി.
"ആരും നോക്കാനില്ലെങ്കിൽ ഈ കുട്ടികളുടെ സ്ഥിതി എന്താകും അല്ലേ വരദേ? ദൈവം ഇവരെ സൃഷ്ടിച്ചത് തന്റെ മനസ്സു കല്ലാക്കിയാണെന്ന് തോന്നുന്നു."
ആ വാക്കുകൾക്ക് എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ വിഷാദമൂകയായി.
ഭൂമിയിൽ ഉത്തരമില്ലാത്ത കടംകഥകൾ സൃഷ്ടിക്കലാണ് ചിലപ്പോഴെങ്കിലും ദൈവത്തിന്റെ ഒഴിവുകാല വിനോദം എന്ന് പറയണം എന്നു തോന്നി.
കണ്ണുനീർ തുടച്ച് നെടുവീർപ്പോടെ പതിഞ്ഞ സ്വരത്തിൽ രമ്യ പറഞ്ഞു.
"സൃഷ്ടിച്ചവരെ കാക്കുവാനും അദ്ദേഹം വഴി കണ്ടെത്തും. അതാണല്ലോ നിന്നെപ്പോലെ ഒരമ്മയെ അവൾക്ക് കിട്ടിയത്."
അപ്പോൾ അതിന്റെ അർത്ഥം ഉൾക്കൊണ്ടെന്ന പോലെ ചിന്നു ശൂന്യതയിൽ നോക്കി വികൃതമായി ചിരിച്ചു .
റൗണ്ട്സ് കഴിഞ്ഞ് അവിടേക്ക് കടന്നു വന്ന ഡോക്ടർ ആഷിക് പറഞ്ഞു:
"ഇന്ന് മുഴുവൻ ചിന്നുവിനെ ഇവിടെ ഒബ്സർവേഷനിൽ കിടത്തുകയാണ്. നാളെ വീട്ടിലേക്ക് കൊണ്ടുപോകാം."
ഡോക്ടർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ചിന്താകുലയായി .
ഒരു ദിവസം ഹോസ്പിറ്റലിൽ തങ്ങുവാൻ ഞങ്ങൾക്ക് ആവശ്യത്തിനുള്ള വസ്ത്രങ്ങൾ ഒന്നും കരുതിയിട്ടില്ല. പിന്നെ സ്കൂളിൽ നിന്നും ലീവ് കിട്ടുമോ എന്നും അറിയില്ലാ.
അല്പം കഴിഞ്ഞ് ഞാൻ എന്റെ ആശങ്കകൾ രമ്യയോട് പങ്കുവച്ചു.
"എന്തു ചെയ്യും രമ്യേ, നമുക്ക് ലീവ് കിട്ടുമോ?"
"തീർച്ചയായും കിട്ടും വരദേ. പ്രിൻസിപ്പൽ മാഡം എല്ലാം കണ്ടതാണല്ലോ. ഞാൻ ഫോണിൽ വിളിച്ചു പറയാം, ഇന്ന് നമുക്ക് ലീവ് അനുവദിച്ചു തരാൻ."
"എങ്കിൽ ശരി, നീ വിളിച്ച് കാര്യം പറഞ്ഞോളൂ. അതിനിടക്ക് ഞാൻ വീട്ടിൽ പോയി ഞങ്ങൾക്ക് ആവശ്യമുള്ള വസ്ത്രങ്ങൾ എടുത്തുകൊണ്ടുവരാം."
"ശരി വരദേ, നീ വീട്ടിൽ പൊയി വന്നോളു. "
അവളുടെ സമ്മതം കിട്ടിയപ്പോൾ ചിന്നുവിനോടായി അല്പം ഉറക്കെ പറഞ്ഞു:
"അമ്മ വീട്ടിൽ പോയിട്ട് വരാം."
ചിന്നുവിന്റെ ദൃഷ്ടികൾ അപ്പോൾ കറങ്ങുന്ന ഫാനിൽ ആയിരുന്നു. നോട്ടം പിൻവലിക്കാനിഷ്ടമില്ലാത്തതു പോലെ അവൾ അതിൽത്തന്നെ ഉറ്റുനോക്കിയിരുന്നു.
എന്റെ ചോദ്യംഅവൾ ഉൾക്കൊണ്ടില്ലെന്ന് തോന്നിയപ്പോൾ അടുത്തു ചെന്ന് വീണ്ടും പറഞ്ഞു. ഒടുവിൽ പറയുമ്പോൾ ചിന്നുവിന് എന്തോ മനസ്സിലായതായി തോന്നി. പോകാനായി വാതിൽക്കലേക്കു തിരിഞ്ഞപ്പോൾ അവൾ പെട്ടെന്ന് അടുക്കലേക്ക് ഓടിയെത്തി, എന്റെ കയ്യിൽ മുറുകെപ്പിടിച്ചു..
അപ്പോൾ രമ്യ അവിടെ കണ്ട ഒരു ചിത്രത്തിലേക്ക് അവളുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടു പറഞ്ഞു. "ഹായ് , എന്തു ഭംഗിയാ ഈ പക്ഷികളെ കാണാൻ"
.മാനത്ത് പറന്നുയരുന്ന ഏതാനും പക്ഷികളായിരുന്നു ആ ചിത്രത്തിൽ ചിത്രശലഭങ്ങളെപ്പോലെ പക്ഷികളെയും അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയുള്ളതെന്തുംഅവളുടെ ബുദ്ധിയെ ഉണർത്തുന്നതായി തോന്നിയിട്ടുണ്ട്. അവൾ ചിത്രം കണ്ട് കൈകൊട്ടി ചിരിക്കാൻ തുടങ്ങി.
പെട്ടെന്ന് രമ്യ ക്ലാസ്സിലെപ്പോലെ ഒരു കടലാസും പെൻസിലും മുന്നിൽ വച്ചു കൊടുത്ത് അവളോട് "വരച്ചോളൂ" എന്നു പറഞ്ഞു.
ചിന്നു സന്തോഷത്തോടെ ആ ദൃശ്യം പകർത്താൻ തുടങ്ങി. ആ സമയത്ത് അവൾ കാണാതെ ഞാൻ പുറത്തിറങ്ങി.
നിരത്തിൽ എത്തിയ ഉടനെ ഒരു ഓട്ടോ കൈകാണിച്ചു നിർത്തി. അതിൽ കയറി വീട്ടിലേക്ക് പോകുന്ന വഴിയിൽ രാജീവേട്ടനെ ഫോൺ ചെയ്ത് വിവരങ്ങൾ അറിയിച്ചു.
"വീട്ടിൽ അമ്മയും മിന്നു മോളും തനിച്ചല്ലേ ഉണ്ടാവുകയുള്ളൂ. ജാനുവമ്മയോട് നീ വീട്ടിൽ വന്ന് കിടക്കാൻ പറയണം" - അത്രമാത്രം പറഞ്ഞ് അദ്ദേഹം പെട്ടെന്ന് ഫോൺ കട്ട് ചെയ്തു.
ചിന്നുവിനെക്കുറിച്ച് അദ്ദേഹം കൂടുതൽ ഒന്നും ചോദിച്ചില്ലല്ലോ എന്നോർത്ത് നേരിയ ദുഃഖം തോന്നി.
അപ്രതീക്ഷിതമായി ഓട്ടോയിൽ വന്നിറങ്ങിയ എന്നെക്കണ്ട് രാജീവേട്ടന്റെ അമ്മ കാര്യം അന്വേഷിച്ചു.നടന്ന കാര്യങ്ങൾ എല്ലാം വിവരിച്ചപ്പോൾ കോപത്തോടെ അവർ പറഞ്ഞു:
"അവൾക്ക് അത് വേണം. ഈയിടെയായി അല്പം അഹങ്കാരം കൂടുന്നുണ്ട്.."
ചിന്നുവിന് അത്യധികം വാൽസല്യം പകർന്നു നൽകേണ്ട അച്ഛമ്മയിൽ നിന്ന് ഇങ്ങനെ ഒരു പെരുമാറ്റം എത്ര ദൗർഭാഗ്യകരമാണെന്ന ചിന്ത എന്നെ വീണ്ടും വേദനയിലേക്ക് ആഴ്ത്തി.
വിങ്ങുന്ന ഹൃദയത്തോടെ മുറിയിലേക്ക് ചെന്ന്
അലമാരിയിൽ നിന്ന് വസ്ത്രങ്ങൾ എടുത്ത് ബാഗിൽ വെച്ചു. തിരിഞ്ഞുനോക്കുമ്പോൾ ജാനകിയമ്മ വാതിൽക്കൽ നിൽക്കുന്നു.
"എന്താ കുഞ്ഞേ? എന്തുപറ്റി? ചിന്നു മോൾ എവിടെ?" അവർ പരിഭ്രമത്തോടെ അന്വേഷിച്ചു.
: "ജാനുവമ്മയോട് ഞാൻ പറയാൻ വരികയായിരുന്നു. ചിന്നു മോൾക്ക് നെറ്റിയിൽ മുറിവ് പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. സ്കൂളിലെ ഒരു കുട്ടി കല്ലെറിഞ്ഞതാണ്. ഒരു ദിവസത്തേക്ക് ഹോസ്പിറ്റലിൽ കിടത്തി നിരീക്ഷിക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്. ഞങ്ങൾ തിരച്ച് വരുന്നത് വരെ ജാനുവമ്മ, അമ്മയുടെയും മിന്നു മോളുടെയും കാര്യങ്ങൾ നോക്കണം. രാത്രിയിൽ കൂട്ടു കിടക്കുകയും വേണം.". ഒറ്റശ്വാസത്തിൽ കാര്യങ്ങൾ പറഞ്ഞു.
"ശരി കുഞ്ഞേ, കുഞ്ഞ് വിഷമിക്കാതെ പോയാട്ടെ. ഞാൻ ഇവിടുത്തെ കാര്യങ്ങൾ നോക്കിക്കോളാം''. ജാനുവമ്മയുടെ വാക്കുകൾ ആശ്വാസം പകർന്നു.
അപ്പോൾ അകത്ത് നിന്നും രാജീവേട്ടന്റെ അമ്മ എന്നെയും ചിന്നുവിനെയും ചേർത്ത് ചീത്ത പറയുന്നത് കേൾക്കാമായിരുന്നു.
"ഇന്നലെ മുതൽ കുഞ്ഞിന്റെ അമ്മായിയമ്മ,അവരുടെ വെറ്റിലച്ചെല്ലം പൊട്ടിച്ചു കളഞ്ഞതിന് ചിന്നുമോളെ ചീത്ത വിളിക്കുകയാണ്. അവരുടെ പ്രാക്കായിരിക്കും ചിന്നുമോളെ ആശുപത്രീലാക്കീത്.
അച്ഛമ്മയാണ് പോലും. ദുഷ്ട..." അവസാനത്തെ വാചകങ്ങൾ ജാനുഅമ്മ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്.
"ശരി ശരി, ജാനുവമ്മ ഒന്നും പറയാൻ നിക്കണ്ട. അമ്മയെ ഈ വയസ്സുകാലത്ത് ഇനി നേരെയാക്കുവാൻ ആരെക്കൊണ്ടാകും. ചിന്നു മോൾക്ക് ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാതെ പോയത് നന്നായി" -
അതുപറയുമ്പോൾ സ്വരം ഇടറി, കണ്ണുകൾ നിറഞ്ഞു. ജാനുവമ്മയുടെയും കണ്ണുകൾ കലങ്ങി.
ജനിച്ചപ്പോൾ മുതൽ ചിന്നുവിനെ കാണുന്നതാണ് അവർ. അതുകൊണ്ടു തന്നെ ചിന്നുവിനോട് മാനസികമായ ഒരു അടുപ്പം അവർക്കുണ്ട്.
"നാലുവയസ്സു വരെ ഒരു കുഴപ്പവുമില്ലാതിരുന്ന കുഞ്ഞാ. എന്ത് ചെയ്യാനാ ദൈവത്തിന്റെ ഓരോരോ കളി. നമ്മള് എല്ലാം സഹിച്ചല്ലേ തീരൂ കുഞ്ഞെ ." - ജാനു അമ്മ നെടുവീർപ്പോടെ പറഞ്ഞു
"നാലുവയസു വരെ നമ്മൾ അവളെ വേണ്ടതുപോലെ ശ്രദ്ധിച്ചിരുന്നില്ല ജാനുവമ്മേ, അതുകൊണ്ടാ ഒന്നും മനസ്സിലാകാതിരുന്നത്. അവൾ ജനിച്ചതേ ഓട്ടിസ്റ്റിക്കായിട്ടാ."
"എന്ത്... ഓട്ടി...റ്റിക്കോ... എനിക്കീ പേരൊന്നും പിടികിട്ടത്തില്ല കുഞ്ഞേ... എന്തായാലും ആ കുഞ്ഞിന്റെ ബുദ്ധി ഒന്ന് നേരെയായി കണ്ടാൽ മതിയായിരുന്നു."
തോളിൽ ഇടുന്ന തോർത്തിൽ കണ്ണു തുടച്ച് അവർ മുറ്റത്തേക്കിറങ്ങി .അല്പം നടന്ന് തിരിഞ്ഞു നിന്ന് ചോദിച്ചു:
"അപ്പോൾ കുഞ്ഞിനും ചിന്നു മോൾക്കുംആശുപത്രിയിൽ കഴിക്കാൻ ആഹാരം ഒന്നും വേണ്ടായോ? ഒന്ന് നേരത്തെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ജാന്വമ്മ എല്ലാം ഉണ്ടാക്കി വയ്ക്കുമായിരുന്നല്ലോ."
"ഞങ്ങൾ ഹോസ്പിറ്റൽ കാന്റീനിൽ നിന്ന് കഴിച്ചോളാം ജാന്വമ്മേ."
"അതിന് ചിന്നുമോൾക്ക് ഇഷ്ടമുള്ളത് ഒന്നും അവിടെ കിട്ടില്ലല്ലോ" -
ചിന്നുമോളുടെ ഇഷ്ടങ്ങളെക്കുറിച്ച് അറിയുന്ന ജാനുവമ്മയുടെ ഉൽക്കണ്ഠ എനിക്ക് മനസ്സിലാകുമായിരുന്നു.
"അവൾക്കിഷ്ടമുള്ള ചിക്കൻ ബിരിയാണിയും ദോശയും മറ്റും അവിടെ കിട്ടും. അത് ഏതെങ്കിലും വാങ്ങിക്കൊടുത്തോളാം ജാന്വമ്മേ ഇന്ന് ഒരു ദിവസത്തേക്കല്ലേ വേണ്ടൂ.നാളെ ഡിസ്ചാർജ് വാങ്ങി നേരത്തെ പോരാൻ പറ്റുമായിരിക്കും" -
അങ്ങനെ പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി നടന്നു. മുറ്റത്ത് വെയിൽ കാഞ്ഞിരുന്ന കണ്ടൻ പൂച്ച "ചിന്നു എവിടെ" എന്ന് ചോദിക്കുന്നതു പോലെ എന്നെ നോക്കി കരഞ്ഞു. അവൾ ഇടക്ക് അതിന് ബിസ്ക്കറ്റും,പാലും മറ്റും നൽകാറുള്ളത് ഓർത്തു.
ബുക്ക് ചെയ്ത ഓട്ടോ അപ്പോൾ ഗേറ്റിനു പുറത്ത് കാത്ത് നില്പുണ്ടായിരുന്നു.
ഹോസ്പിറ്റലിൽ എത്തിയ ഉടനെ കാന്റീനിലേക്ക് നടന്നു.ആഹാരവുമായി വേഗം ചെന്നില്ലെങ്കിൽ ചിന്നു .അക്രമകാരിയാകും. ചിലപ്പോൾ വാതിലിൽ മുട്ടി വലിയ ബഹളമുണ്ടാക്കും. അല്ലെങ്കിൽ ഉറക്കെ കരഞ്ഞ് കാണുന്നതെല്ലാം വലിച്ചെറിയും. കാണുന്നവരെ ഉപദ്രവിക്കുകയും ചെയ്യും. ഇത്തരം കുട്ടികൾക്ക് വിശപ്പു സഹിക്കാനുള്ള കെൽപ്പ് ഉണ്ടാവുകയില്ല എന്ന് അറിയാം.ബിരിയാണിയും മറ്റും അധികം വാങ്ങിക്കൊടുക്കേണ്ടെന്ന് അവളുടെ ഡോക്ടർ പറഞ്ഞിട്ടുണ്ട്. ചിക്കനും മറ്റും ഊർജം വർദ്ധിപ്പിച്ച് കൂടുതൽ അക്രമണകാരികളാക്കുമത്രെ.
കാന്റീനിൽ നിന്ന് മൂന്നു പേർക്കുള്ള നെയ് റോസ്റ്റ് പാഴ്സലായി വാങ്ങി. മുറിയിലേക്ക് നടക്കുന്നതിനിടക്ക് ഡോക്ടർ ആഷിക്കിനെ കണ്ടു. അദ്ദേഹം പരിചിത ഭാവത്തിൽ ചിരിച്ചു. അദ്ദേഹത്തിന് എന്തോ പറയാനുണ്ടെന്ന് തോന്നിയപ്പോൾ അടുത്തേക്ക് ചെന്നു.അല്പം മാറിനിന്ന് ഗൗരവഭാവത്തിൽ അദ്ദേഹം സംസാരിച്ചു.
"ചിന്നുവിനെ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. ഓട്ടിസ്റ്റിക് ആയതിനാൽ സാധാരണ കുട്ടികളെപ്പോലെ ഇമോഷൻസ് പ്രകടിപ്പിക്കാൻ അവൾക്കറിയില്ല. അവളെ എല്ലാം നേരിടാൻ പരിശീലിപ്പിക്കണം. ക്ഷമയുള്ള ഒരു അമ്മയ്ക്ക് മാത്രമേ അതിന് .കഴിയൂ" - അദ്ദേഹം പറഞ്ഞു.
"അതെനിക്കറിയാം ഡോക്ടർ. ഞാൻ ഒരു സ്പെഷ്യൽ സ്ക്കൂൾ ടീച്ചറാണ്.സ്ക്കൂളിലും വീട്ടിലും ചിന്നുവിനെ ഞാൻ എല്ലാം ക്ഷമയോടെ പരിശീലിപ്പിക്കുന്നുണ്ട് "
"ദാറ്റ്സ് ഗുഡ്.. യുവർ ഗേൾ ഈസ് വെരി ലക്കി. " അങ്ങനെ പറഞ്ഞ് അദ്ദേഹം മുന്നോട്ട് നടന്നു നീങ്ങി.
(തുടരും)