റെംഡെസിവിര്‍ നല്‍കിയ അഞ്ചുപേരും ജീവിച്ചിരിപ്പുണ്ട്: കള്ളം പറഞ്ഞ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; കെ മുരളീധരനെതിരെ വീണാ ജോര്‍ജ്

Oct 30, 2026 - 10:30
 0  2
റെംഡെസിവിര്‍ നല്‍കിയ അഞ്ചുപേരും  ജീവിച്ചിരിപ്പുണ്ട്: കള്ളം പറഞ്ഞ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; കെ മുരളീധരനെതിരെ വീണാ ജോര്‍ജ്

തിരുവനന്തപുരം: നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിര്‍ മരുന്നു നല്‍കിയതായി സംശയമുണ്ടെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയെ തള്ളി മുന്‍മന്ത്രി വീണാ ജോര്‍ജ്. 30 ഡിഗ്രി സെല്‍ഷ്യസില്‍ കൊറോണ വൈറസ് ചത്തുപോകുമെന്ന് പറഞ്ഞ ആളാണ് മുരളീധരന്‍. എന്നാല്‍ ഇന്ന് അദ്ദേഹം കേരളത്തിന്റെ ആരോഗ്യമന്ത്രിയാണ്. ആ പദവിയില്‍ ഇരിക്കുമ്പോള്‍ നിയമസഭയില്‍ ഒരു സ്‌റ്റേറ്റ്‌മെന്റ് നടത്തുമ്പോള്‍ ഉത്തരവാദിത്തം വേണം. എന്നാല്‍ തീര്‍ത്തും നിരുത്തരവാദപരമായ പ്രസ്താവനയാണ് കെ മുരളീധരന്‍ ഇന്നലെ നിയമസഭയില്‍ നടത്തിയതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

തീര്‍ത്തും തെറ്റായ കാര്യമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് റെംഡെസിവിര്‍ മരുന്നു നല്‍കിയിട്ടുള്ളത്. ആ അഞ്ചു രോഗികളും ജീവനോടെയുണ്ട്. അപ്പോള്‍ റെംഡെസിവിര്‍ മരുന്ന് ഉപയോഗിച്ച നിപ രോഗികളുടെ മരണനിരക്ക് പൂജ്യമാണ്.

 ലോകത്തു തന്നെ തെറാപ്യൂട്ടിക് ഇന്റര്‍വെന്‍ഷനില്‍ ഏറ്റവും ഫലപ്രദമാണ് റെംഡെസിവിര്‍ എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അതാണ് യാഥാര്‍ത്ഥ്യവും വസ്തുതയുമെന്നുമിരിക്കെയാണ് കെ മുരളീധരന്‍ ഇന്നലെ സഭയില്‍ നിരുത്തരവാദ പ്രസ്താവന നടത്തിയത്. വീണാ ജോര്‍ജ് പറഞ്ഞു.

ഈ മരുന്ന് ഉപയോഗിച്ചിട്ടാണോ രോഗികള്‍ മരണപ്പെട്ടതെന്നത് പരിശോധിക്കും എന്നാണ് മന്ത്രി മുരളീധരന്‍ പറഞ്ഞത്. ഇത്ര സെന്‍സിറ്റീവ് ആയ വിഷയത്തില്‍ എത്ര അവാസ്തവമായ, കള്ളമായ കാര്യമാണ് നിയമസഭയില്‍ പറഞ്ഞത്. നിയമസഭയെയും കേരള സമൂഹത്തെയും കെ മുരളീധരന്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

ആകെ അഞ്ചു പേര്‍ക്കാണ് റെംഡെസിവിര്‍ മരുന്ന് നല്‍കിയത്. അതിന്റെ രേഖകളുണ്ട്. ആ അഞ്ചുപേരും ജീവനോടെ നമ്മോടൊപ്പമുണ്ട്. ആ രോഗികളുടെ കേസ് ഹിസ്റ്ററി അടക്കം മുഴുവന്‍ കാര്യങ്ങളും ഡോക്യുമെന്റഡാണ്. ആ ഡോക്യുമെന്റ് ആരോഗ്യവകുപ്പിന്റെ കൈവശമുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ആ ഡോക്യുമെന്റ് ആരോഗ്യവകുപ്പിനോട് ചോദിച്ചാല്‍ ലഭിക്കുമെന്നിരിക്കെയാണ് മന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞത്. സബ്മിഷന്‍ എന്നത് എംഎല്‍എമാര്‍ പെട്ടെന്ന് ചോദിക്കുന്ന ചോദ്യമൊന്നുമല്ല. നേരത്തെ എഴുതി നല്‍കി, അത് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് പോയി, വകുപ്പ് മറുപടി തയ്യാറാക്കി കൊടുക്കുന്ന ഒന്നാണ് സബ്മിഷന്‍. അങ്ങനെയിരിക്കെയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

 2021 ലാണ് കെഎംഎസ് സിഎല്‍ മരുന്ന് വാങ്ങുന്നത്. അന്ന് കിട്ടാവുന്ന ഇടങ്ങളില്‍ നിന്നൊക്കെ മരുന്ന് വാങ്ങിയിരുന്നുവെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

കെഎംഎസ് സിഎല്‍ ഒരു മരുന്ന് വാങ്ങിക്കുമ്പോള്‍ അതിന്റെ മാനുഫാക്ചറിങ് ഡേറ്റും എക്‌സ്പയറി ഡേറ്റും സോഫ്റ്റ് വെയറില്‍ എന്റര്‍ ചെയ്യും. ജില്ലകളിലേക്ക് കൊടുത്താല്‍ അവിടെയും രേഖപ്പെടുത്തുന്നുണ്ട്. ഓരോ ബാച്ചിന്റെയും എക്‌സ്‌പെയറി ഡേറ്റ് സോഫ്റ്റ് വെയറില്‍ മാര്‍ക്ക് ചെയ്യും. ആ സോഫ്റ്റ് വെയറില്‍ മാര്‍ക്ക് ചെയ്ത എക്‌സ്‌പെയറി ഡേറ്റിനുശേഷം ഒരു മരുന്നിന്റെയും മൂവ്‌മെന്റ് സാധ്യമല്ല. കെഎംഎസ് സിഎല്ലിന്റെ സോഫ്റ്റ് വെയര്‍ അനുസരിച്ച് ഈ മെഡിസിന്‍ ലോക്ക്ഡ് ആകും. ക്ലിനിക്കല്‍ ട്രയല്‍ എന്നു രേഖപ്പെടുത്തിയതില്‍ മരുന്നിന്റെ വിശദാംശങ്ങള്‍ വിദഗ്ധ സമിതി പരിശോധിക്കട്ടെയെന്നും വീണാ ജോര്‍ജ് പറഞ്ഞു.