എക്കോ വാർഷിക ഡിന്നർ മീറ്റിങ്ങും ആറാമത് ഹ്യൂമാനിറ്റേറിയൻ അവാർഡ് ദാന ചടങ്ങും നാളെ 31 ശനി വൈകിട്ട് 5-ന്
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: ചാരിറ്റി സംഘടനയായ എക്കോയുടെ (ECHO - Enhance Community through Harmonious Outreach) വാർഷിക ഡിന്നർ മീറ്റിങ്ങും ആറാമത് ഹ്യൂമാനിറ്റേറിയൻ അവാർഡ് ദാന ചടങ്ങും നാളെ ഒക്ടോബർ 31 ശനി വൈകിട്ട് 5-ന് നടക്കും. ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് (The Cotillion, 440 Jericho Turnpike, Jericho, NY 11753) ക്ഷണിക്കപ്പെട്ട അതിഥികളുടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കളുടെയും സാന്നിദ്ധ്യത്തിൽ പ്രൗഢഗംഭീരമായി നടത്തുവാനാണ് സംഘാടകർ ക്രമീകരിക്കുന്നത്.
പതിമൂന്ന് വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനത്തിനും സാമൂഹിക പ്രതിബദ്ധതക്കും മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന സംഘടനയാണ് എക്കോ. ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്ന മറ്റു വ്യക്തികളെയും സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നതിയി കഴിഞ്ഞ അഞ്ചു വർഷമായി എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകിവരുന്നു. ഈ വർഷം ആറാമത് അവാർഡിന് അർഹരായിരിക്കുന്നത് ന്യൂയോർക്കിലെ പയനിയർ ക്ലബ്ബ് ഓഫ് കേരളൈറ്റ്സാണ്. രണ്ടായിരത്തി അഞ്ഞൂറ് ഡോളറും പ്രശംസാഫലകവുമാണ് അവാർഡ് ജേതാക്കൾക്ക് സമ്മാനമായി നൽകുന്നത്.
ഏതാനും വർഷമായി എക്കോ നടത്തിവരുന്ന വാർഷിക ഡിന്നറിനോടൊപ്പം സാമൂഹിക സേവനത്തിനായി ഫണ്ട് ശേഖരണവും നടത്തുന്നുണ്ട്. പ്രസ്തുത ഫണ്ടിലൂടെ കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ച് നൽകിയും, പ്രകൃതി ദുരിതത്തിന് ഇരയായവർക്ക് സഹായഹസ്തം നൽകിയും, രോഗികൾക്ക് വൈദ്യസഹായം കൊടുത്തും, നിർധന കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ചെയ്തും സാമൂഹിക പ്രതിബദ്ധതയിൽ മുൻ പന്തിയിലാണ്. ലോങ്ങ് ഐലൻഡിലെ ന്യൂഹൈഡ് പാർക്കും ലെവിടൗണും കേന്ദ്രീകരിച്ച് ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ അമേരിക്കൻ കുടിയേറ്റ മലയാളീ സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി സീനിയർ വെൽനെസ്സ് പ്രോഗ്രാം നടത്തിപ്പിലൂടെയാണ് എക്കോയുടെ ചാരിറ്റി പ്രവർത്തനങ്ങൾ പൊതു സമൂഹം മനസ്സിലാക്കി തുടങ്ങിയത്. നിലവിൽ മുന്നൂറ്റമ്പതിലധികം സീനിയർ പൗരന്മാർ അംഗത്വം എടുത്തിരിക്കുന്ന സീനിയർ വെൽനെസ്സ് പ്രോഗ്രാമിനായി സ്വന്തമായി ഒരു കെട്ടിടം കണ്ടെത്തുന്നതിനുള്ള ബൃഹത്തായ പദ്ധതിക്കാണ് ഇനി എക്കോ മുൻതൂക്കം നൽകുന്നത്. ഏകദേശം മൂന്നു മില്യൺ ആവശ്യമായ പദ്ധതിയാണ് മുതിർന്ന പൗരന്മാരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനും എല്ലാ ദിവസവും ഒത്തുചേരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുമായുള്ള പദ്ധതിക്കായി വിഭാവനം ചെയ്യുന്നത്.
ഈ വർഷത്തെ ഫണ്ട് ശേഖരണത്തിൽ ലഭിക്കുന്ന തുകയുടെ നല്ലൊരു പങ്ക് നേപ്പാളിലെ ഭൂകമ്പ ബാധിതരുടെ പുനരധിവാസത്തിനായി നല്കുവാനാണ് ഉദ്ദേശിക്കുന്നുത്. പ്രസ്തുത ഫണ്ട് സ്വീകരിക്കുന്നതിനായി ന്യൂയോർക്കിലെ നേപ്പാൾ രാജ്യതന്ത്ര പ്രതിനിധിയായ കോൺസുൽ ജനറൽ ആദരണീയനായ ശ്രീ. ദാധിറാം ഭണ്ടാരി വിശിഷ്ട അതിഥിയായി വാർഷിക ഡിന്നർ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്. അതോടൊപ്പം ചടങ്ങിൽ മുഖ്യാതിഥിയായി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേലും പങ്കെടുക്കുന്നു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബിജു എബ്രഹാം നയിക്കുന്ന ഗാനസന്ധ്യയും സ്കൂൾ ഓഫ് ഡാൻസിലെ അനുഗ്രഹീത കലാകാരികളുടെ മനോഹരമായ നൃത്ത വിരുന്നും ചടങ്ങിന് മാറ്റ് കൂട്ടുന്നു.
എക്കോ പോലെ തന്നെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന പയനിയർ ക്ലബ്ബിനാണ് ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകുന്നത്. അമേരിക്കയിൽ ആദ്യകാലങ്ങളിൽ കുടിയേറി പാർക്കുന്ന മലയാളികളെ അംഗങ്ങളാക്കിയുള്ള പയനിയർ ക്ലബ്ബ് വൈദ്യ സഹായവും, വിദ്യാഭ്യാസ സഹായവും, ഭവന നിർമ്മാണ സഹായവും നൽകി വരുന്നു. ജീവിതത്തിൽ വാർദ്ധക്യത്തിലേക്ക് എത്തിച്ചേരുന്നവരെ കൂട്ടിച്ചേർത്ത് സാന്ത്വനം നൽകുന്ന പ്രവർത്തിക്കും പയനിയർ ക്ലബ്ബ് പ്രാധാന്യം നൽകുന്നു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള പയനിയർ ക്ലബ്ബിന്റെ പ്രവർത്തനമാണ് അവരെ അവാർഡിന് അർഹ രാക്കിയത്.
നാളെ നടക്കുന്ന ഫണ്ട് ശേഖരണ ഡിന്നർ മീറ്റിംഗ് പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. സഹായ മനസ്കരായ എല്ലാവരെയും സംഘാടകർ ഡിന്നർ മീറ്റിംഗിലേക്ക് ക്ഷണിക്കുന്നു. ഫണ്ട് റൈസിംഗ് മീറ്റിംഗിനെ സംബന്ധിച്ചും എക്കോയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫോൺ: 516-902-4300. Visit: www.echoforhelp.org