ഫ്ലൈദുബായ് കോക്ക്പിറ്റിലെ ആക്രമണത്തിനിടെ ധീരത കാട്ടിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇ ആദരിച്ചു

Oct 28, 2026 - 12:17
Oct 28, 2026 - 12:24
 0  2
ഫ്ലൈദുബായ് കോക്ക്പിറ്റിലെ ആക്രമണത്തിനിടെ ധീരത കാട്ടിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇ ആദരിച്ചു
ഫ്ലൈദുബായ് കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിനിടെ ധീരമായി ഇടപെട്ട ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും ജീവനക്കാരെയും യുഎഇ ആദരിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും പൈലറ്റ് നടത്തിയ ഇടപെടലാണ് യാത്രക്കാരുടെ ജീവൻ സംരക്ഷിക്കാനും വിമാനം സുരക്ഷിതമാക്കാനും സഹായിച്ചത്.
സെപ്റ്റംബർ 30ന് കോക്ക്പിറ്റിൽ നടന്ന സംഭവത്തിനിടെ, ഗുരുതരമായി പരിക്കേറ്റ പൈലറ്റ് കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുക്കുകയും, തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങളും യാത്രക്കാരും ഇടപെട്ട് വലിയൊരു ദുരന്തം ഒഴിവാക്കുകയുമായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാർക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 'ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് രണ്ടാമൻ' (First Class Order of Zayed II) ബഹുമതി സമ്മാനിച്ചു. അടിയന്തര ഘട്ടത്തിൽ യാത്രക്കാരെ സംരക്ഷിക്കുന്നതിനും വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും നൽകിയ സേവനങ്ങളെ മുൻനിർത്തിയാണ് ഈ ആദരവ്.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ചൊവ്വാഴ്ച, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് വിമാന ജീവനക്കാരെ നേരിട്ട് സ്വീകരിച്ചു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വിമാനം സുരക്ഷിതമാക്കുന്നതിലും ജീവനക്കാർ കാണിച്ച ധൈര്യത്തെയും പ്രൊഫഷണലിസത്തെയും യുഎഇ നേതൃത്വം പ്രശംസിച്ചു. ആളുകളുടെ ജീവനും സുരക്ഷയും സംരക്ഷിക്കുന്നതിനാണ് രാജ്യത്തിന്റെ മുൻഗണനയെന്ന് അവർ ആവർത്തിച്ചു.