ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് 5 പുതിയ സർവീസുകൾ

Oct 10, 2026 - 16:32
 0  4
ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് 5 പുതിയ സർവീസുകൾ

ബെംഗളൂരു: ശൈത്യകാല സമയക്രമത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് അഞ്ച് പുതിയ വിമാന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്. ഒക്ടോബർ 25 മുതൽ കാഠ്മണ്ഡു, ഗോവ, ജോധ്പുർ, മധുര, കോയമ്പത്തൂർ എന്നീ നഗരങ്ങളിലേക്കാണ് പുതിയ വിമാന സർവീസുകൾ ആരംഭിക്കുക. ഇതോടെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ലഭിക്കും.

ബെംഗളൂരുവിൽ നിന്ന് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് ദിവസേന വിമാന സർവീസ് നടത്തുവാനാണ് തീരുമാനം. ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് ആഴ്‌ചയിൽ ഏഴ് സർവീസുകളാണ് ഈ പാതയിൽ ഉണ്ടാവുക. ബെംഗളൂരുവിൽ നിന്ന് നേപ്പാളിലേക്ക് നേരിട്ടുള്ള യാത്ര ആഗ്രഹിക്കുന്നവർക്ക് പുതിയ സർവീസ് പ്രയോജനപ്പെടും. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് ധാരാളം പേർ സന്ദർശിക്കുന്ന ഇടം കൂടിയാണ് നേപ്പാൾ എന്നതിനാൽ ഈ സർവീസ് എന്തുകൊണ്ടും പ്രയോജനകരമായിരിക്കും.

അന്താരാഷ്ട്ര സർവീസിന് പുറമേ നാലോളം നഗരങ്ങളിലേക്ക് ആഭ്യന്തര സർവീസ് കൂടി ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ആരംഭിക്കും. ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ജോധ്പുരിലേക്കും മധുരയിലേക്കും ദിവസേന വിമാന സർവീസ് ഉണ്ടാകും. കോയമ്പത്തൂരിലേക്ക് ആഴ്‌ചയിൽ 14 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഈ സർവീസുകൾ സഹായിക്കും. പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ രണ്ട് പ്രധാന നഗരങ്ങളിലേക്കും പുതിയ സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ശൈത്യകാല അവധി ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് ഏറെ ഗുണകരമാണ് ഇത്. മാത്രമല്ല മധുരയിലേക്കും കോയമ്പത്തൂരേക്കും വിനോദ സഞ്ചാരികൾക്കും പോകാവുന്നതാണ്.