വിചാരണ കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ലന്ന് പ്രോസിക്യൂഷന്‍

Dec 12, 2025 - 14:51
 0  3
വിചാരണ കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ലന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിൽ  വിചാരണക്കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍. ശിക്ഷാവിധി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഐപിസി 376- ഡി പ്രകാരം പാര്‍ലമെന്റ് പറഞ്ഞിട്ടുള്ള ഏറ്റവും മിനിമം ശിക്ഷ മാത്രമാണ് ഈ കോടതി നല്‍കിയിട്ടുള്ളതെന്നും ശിക്ഷാവിധിയില്‍ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ പറഞ്ഞു.

കൂട്ടബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം. ശിക്ഷാവിധി സമൂഹത്തിനു അങ്ങേയറ്റം തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. ശിക്ഷാവിധി കുറഞ്ഞു പോയതില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നുവെന്നും അജകുമാര്‍ പറഞ്ഞു.

പ്രോസിക്യൂഷന് ഇത് തിരിച്ചടിയാണോ എന്ന ചോദ്യത്തിന് അല്ലെന്നും തെളിവുകള്‍ ഉള്ളത് കൊണ്ടാണല്ലോ അവരെ ശിക്ഷിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. തെളിവുകള്‍ ഏതാണ് കോടതി സ്വീകരിക്കാതിരുന്നതെന്ന് വിധി പകര്‍പ്പ് വായിക്കാതെ പറയാനാവില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വിധി വായിച്ചതിന് ശേഷം അതിനകത്ത് മതിയായ നടപടി സ്വീകരിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.