തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിൽ സംസ്ഥാനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിലാണ് സംസ്ഥാനം . ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ 9നും രണ്ടാം ഘട്ടം ഡിസംബർ 11 നും- ഇങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.
മട്ടന്നൂർ നഗരസഭയെ ഒഴിവാക്കി 1,119 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട് നടക്കുമെങ്കിലും അവിടെയും പെരുമാറ്റച്ചട്ടം ബാധകമാണ് .
ഡിസംബർ 9 നാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ വോട്ടെടുപ്പ്. ഡിസംബർ 11 ന് തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വോട്ടെടുപ്പു നടക്കും.13നാണ് വോട്ടെണ്ണൽ .
സംസ്ഥാനത്തൊട്ടാകെ ആകെ 33,746 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കുന്നത്. തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനായി 1,37,922 ബാലറ്റ് യൂണിറ്റുകളും 50,691 കൺട്രോൾ യൂണിറ്റുകളും ഒരുക്കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമായിരിക്കുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ കക്ഷികളും മുന്നണികളും പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെയും സ്വാധീനിക്കുമെന്ന് പാർട്ടികൾ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ നിലവിലുള്ള സീറ്റുകൾ നിലനിർത്താനും കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ പിടിച്ചെടുക്കാനും വാശിയോടെയുള്ള പ്രചാരണ പ്രവർത്തനങ്ങളിലാണ് എല്ലാ കക്ഷികളും. എൽഡിഎഫും യുഡിഎഫും എന്‍ഡിഎയും അവയിലെ പാർട്ടികളും നേതാക്കളും പ്രചാരണ രംഗത്തു തിരക്കിലാണ്.
23,576 വാർഡുകളിലായി 75,632 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് മത്സര രംഗത്തുള്ളതെന്നാണ് കണക്കുകൾ. കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ 21,865 വാർഡുകളിലായി 75,013 സ്ഥാനാർഥികളുണ്ടായിരുന്നു. പുരുഷന്മാരെക്കാൾ കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 39,604 സ്ത്രീകളും 36,027 പുരുഷൻമാരുമാണ് മത്സരിക്കുന്നത്. ഒരു ട്രാൻസ്ജെൻഡറും മത്സരരംഗത്തുണ്ട്.
പത്രിക പിൻവലിക്കാനുള്ള സമയം തീർന്ന ശേഷവും വിമതർ പലയിടത്തും വിവിധ കക്ഷികളുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കു ഭീഷണിയാവുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. 14 ജില്ലകളിലുമായി 400 -ലേറെ വിമതർ മുന്നണികൾക്കു തലവേദന സൃഷ്ടിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. മുന്നണികളെ വിമതരുടെ കാലുവാരലുകൾ ഏതു വിധത്തിലൊക്കെ ബാധിക്കുമെന്നു ഫലം വരുമ്പോഴേ വ്യക്തമാവൂ.
പ്രചാരണം ഊർജിതമായി മുന്നേറുന്നതിനിടെ രാഷ്ട്രീയ എതിരാളികളെയും മാനിക്കാനുള്ള സഹവർത്തിത്വം എല്ലാവരും പരസ്പരം പ്രകടിപ്പിക്കേണ്ടതുണ്ട്. മതപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങളും വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണ പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. എതിർ സ്ഥാനാർഥികളുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമർശനങ്ങളും പാടില്ല. ജാതിയുടെയോ സമുദായത്തിന്‍റെയോ ഭാഷയുടെയോ പേരിൽ വോട്ട് ചോദിക്കരുത്. മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കരുത് തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം.
മാത്സര്യം വേണമെങ്കിലും സൗഹാർദ അന്തരീക്ഷത്തിൽ പരസ്പര ബഹുമാനത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. അതാണ് നമ്മുടെ ജനാധിപത്യത്തെ ആകര്ഷകമാക്കുന്നതും.