'ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു'; ഷിംജിത മുസ്തഫ പരാതി നൽകി
കണ്ണൂർ: ബസ് യാത്രയ്ക്കിടെ മോശം പെരുമാറ്റം നേരിട്ടെന്ന് പൊലീസിൽ പരാതി നൽകി ഷിംജിത മുസ്തഫ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി ജീവനൊടുക്കിയ കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് പുതിയ പരാതി. പയ്യന്നൂർ പൊലീസിന് ഇ മെയിൽ മുഖേനയാണ് പരാതി ലഭിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള സ്വകാര്യ ബസ് യാത്രക്കിടെ തനിക്കെതിരെ അതിക്രമം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ പയ്യന്നൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ദീപകിന്റെ ആത്മഹത്യയിൽ ഇയാളുടെ അമ്മ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയിലായുരുന്നു ഷിംജിത അറസ്റ്റിലായത്. വടകരയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലിസ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. ഷിംജിത പോസ്റ്റ് ചെയ്ത വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നുമായിരുന്നു അമ്മയുടെ പരാതി.