കുവൈറ്റിൽ പ്രവാസികളുടെ എക്സിറ്റ് പെർമിറ്റ് ഉദാരമാക്കി; ഇനി ‘മൾട്ടിപ്പിൾ ട്രാവൽ’ അനുമതിയും
കുവൈറ്റിലെ വിദേശികൾക്കുള്ള എക്സിറ്റ് പെർമിറ്റ് നിയമങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഒന്നിലേറെ തവണ യാത്ര ചെയ്യാൻ അനുവദിക്കുന്ന ‘മൾട്ടിപ്പിൾ ട്രാവൽ’ എന്ന പുതിയ യാത്രാനുമതി സംവിധാനമാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചത്.
നിലവിൽ ഓരോ തവണ രാജ്യം വിടുമ്പോഴും പുതിയ അനുമതി തേടേണ്ടിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ നിശ്ചിത കാലയളവിനുള്ളിൽ പലതവണ യാത്ര ചെയ്യാൻ ഈ ഒരു പെർമിറ്റ് മതിയാകും.
പുതിയ പരിഷ്കാരം പ്രവാസികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ആശ്വാസകരമാകും. യാത്രകൾക്ക് മുൻപുള്ള നൂലാമാലകൾ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ, എക്സിറ്റ് പെർമിറ്റിന്റെ പ്രിന്റ് എടുക്കാനുള്ള സൗകര്യവും പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശി തൊഴിലാളികളുടെ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിൻ്റെ ഭാഗമായാണ് അധികൃതരുടെ ഈ നടപടി.