സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തി. സഞ്ജുവും ഋഷഭ് പന്തുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഇതോടെ കെ.എൽ. രാഹുലിന് ടീമിൽ ഇടമില്ലാതായി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റനായ സഞ്ജു വിക്കറ്റിനു മുന്നിലും പിന്നിലും മികവുറ്റ പ്രകടനങ്ങളാണ് തുടരുന്നത്. നിലവിൽ, സഞ്ജുവിനെ തന്നെയാണ് ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. ഡിആർഎസ് തീരുമാനങ്ങൾ എടുക്കുന്നതിലെ കൃത്യത കൂടി കണക്കിലെടുത്താണിത്.

അതേസമയം, ഫോമിലല്ലാത്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാണ്ഡ്യയെ കൂടാതെ ശിവം ദുബെയും പേസ് ബൗളിങ് ഓൾറൗണ്ടറായി ടീമിലുണ്ട്.

രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലിയും ഉൾപ്പെടുന്നു. ഓപ്പണറായി യശസ്വി ജയ്സ്വാളും എത്തി. മെട്രൊ വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നതു പോലെ, മധ്യനിരയിൽ സൂര്യകുമാർ യാദവും, സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ടീമിലുണ്ട്.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ് എന്നിവരാണ് ടീമിലെ സ്പെഷ്യലിസ്റ്റ് പേസ് ബൗളർമാർ. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി കുൽദീപ് യാദവിനൊപ്പം യുസ്വേന്ദ്ര ചഹലിനെയും ഉൾപ്പെടുത്തിയത് അപ്രതീക്ഷിതമായി.