മെമ്മറി കാർഡ് വിവാദം! കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ലെന്ന് ‘അമ്മ'
ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച മെമ്മറി കാർഡ് കേസിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് ലഭിച്ചു. സംഘടന നിയോഗിച്ച പ്രത്യേക അന്വേഷണ സമിതിയാണ് കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയത്.
കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേതാ മേനോനും ജോയി മാത്യുവുമാണ് അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്.
2018-ൽ മീ ടൂ ആരോപണങ്ങൾ ഉയർന്ന കാലഘട്ടത്തിൽ വനിതാ അംഗങ്ങളുടെ പരാതികളും അനുഭവങ്ങളും രേഖപ്പെടുത്തിയ മെമ്മറി കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ, ഈ മെമ്മറി കാർഡ് കുക്കു പരമേശ്വരൻ പരേതയായ നടി കെ.പി.എ.സി ലളിതയ്ക്ക് കൈമാറിയിരുന്നുവെന്ന് അന്വേഷണ സമിതി സ്ഥിരീകരിച്ചു. 2018-ൽ നടന്ന ഈ സംഭവം 2025-ലെ സംഘടനാ തിരഞ്ഞെടുപ്പ് വേളയിൽ മാത്രമാണ് വിവാദമായതെന്നും, വിവരങ്ങൾ ചോർന്നിട്ടില്ലെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ.
നിലവിൽ 35 പേജുള്ള ഈ അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സംഘടനയുടെ ലോക്കറിലേക്ക് മാറ്റും. ഏതെങ്കിലും അംഗങ്ങൾക്ക് ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ അതിന് തടസ്സമില്ലെന്നും റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാർക്ക് നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. കൂടാതെ, നടൻ ദിലീപിന്റെ അംഗത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നിലവിൽ സംഘടനയിൽ അംഗമല്ലെന്നും വീണ്ടും ചേരണമെന്നുണ്ടെങ്കിൽ അപേക്ഷ നൽകിയാൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.