ലിവിംഗ് ടുഗെദർ പങ്കാളിക്കും 'ഭാര്യ' പദവി നൽകണം; മദ്രാസ് ഹൈക്കോടതി

Jan 21, 2026 - 20:13
 0  1
ലിവിംഗ് ടുഗെദർ പങ്കാളിക്കും 'ഭാര്യ' പദവി നൽകണം;   മദ്രാസ് ഹൈക്കോടതി

ലിവിംഗ് ടുഗെദർ ബന്ധങ്ങളിൽ കഴിയുന്ന സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കാതെ പോകരുതെന്നും ഉചിതമായ സന്ദർഭങ്ങളിൽ അവർക്ക് 'ഭാര്യ' എന്ന പദവി നൽകണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചു. പുരാതന ഇന്ത്യൻ പാരമ്പര്യത്തിലെ ഗന്ധർവ വിവാഹത്തോട് ഉപമിച്ചാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്. 

വിവാഹം വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയുമായി ലിവിംഗ് ടുഗെദർ ബന്ധം പുലർത്തുകയും പിന്നീട് അതിൽ നിന്ന് പിൻമാറുകയും ചെയ്ത തിരുച്ചിറപ്പള്ളി സ്വദേശിയായ യുവാവിൻറെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ് ശ്രീമതി ഈ നിരീക്ഷണം നടത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് യുവാവ് ഒഴിഞ്ഞുമാറിയെന്നുമാണ് പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്.

ലിവിംഗ് ടുഗെദർ ബന്ധങ്ങൾ ഇന്ത്യൻ സമൂഹത്തിന് ഒരു 'സാംസ്കാരിക ആഘാത'മാണെന്ന് വിശേഷിപ്പിച്ച ജഡ്ജി, അവ ഇപ്പോൾ വ്യാപകമായി നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. പല സ്ത്രീകളും തങ്ങൾ ആധുനികരാണെന്ന് കരുതി ഇത്തരം ലിവിംഗ് ടുഗെദർ ബന്ധങ്ങളിൽ പങ്കാളികളാകുന്നുണ്ട്. വിവാഹത്തിന് ലഭിക്കുന്ന നിയമപരമായ സംരക്ഷണം ഇതിന് ലഭിക്കുന്നില്ലെന്ന് പിന്നീടാണ് അവർ തിരിച്ചറിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ആചാരങ്ങളില്ലാതെ പരസ്പര സ്നേഹത്തിലൂടെയും സമ്മതത്തോടെയും രൂപപ്പെടുന്ന ഗന്ധർവ വിവാഹം ഉൾപ്പെടെ എട്ട് വിവാഹരീതികളെ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഇന്നത്തെ ലിവിംഗ് ടുഗെദർ ബന്ധങ്ങളെയും ഗന്ധർവ വിവാഹത്തിൻറെ സമാനമായ കാഴ്ചപ്പാടിലൂടെ കാണാൻ സാധിച്ചാൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നും ജഡ്ജി പറഞ്ഞു.