എങ്ങും ശാന്തിദൂത് നിറയട്ടെ , നന്മയുടെ നക്ഷത്രങ്ങൾ തെളിയട്ടെ
ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി ക്രിസ്തുമസ് നൽകുന്ന സന്ദേശത്തിൽ വിലയിക്കുകയാണ് ലോകം. ഉണ്ണിയേശുവിന്‍റെ ജനനം ആഘോഷിക്കപ്പെടുന്ന ഈ ദിനം ദയയും സ്നേഹവും സമാധാനവുമാണ് നമ്മെ ഓർമിപ്പിക്കുന്നത്. ലോകമെങ്ങും തെളിഞ്ഞുനിൽക്കുന്ന ശാന്തിയുടെ നക്ഷത്രവിളക്കുകൾ ലോകത്തിന് നൽകുന്നതും സമാധാനത്തിന്റെ സന്ദേശം തന്നെ.
നിരായുധരായ റാം നാരായണന്മാരെ ഈ സാക്ഷര കേരളത്തിലെ അധികാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ദുര മൂത്ത മനുഷ്യർ നിഷ്കരുണം അടിച്ചുകൊല്ലുന്ന കാലത്ത് സമാധാനത്തെകുറിച്ചല്ലാതെ എന്താണ് നാം ചിന്തിക്കേണ്ടത്. പരിഷ്കൃതരെന്ന് അഭിമാനിക്കുന്ന ഈ നമ്മുടെ നാട്ടിൽ പോലും ആളുകളെ അടിച്ചുകൊല്ലാൻ മാത്രം ദുഷ്ടത പേറിയ ഹൃദയങ്ങൾ ഉണ്ടെന്നത് ലജ്ജിപ്പിക്കുന്നു.
ചെറിയ കുറ്റങ്ങൾ പോലും ക്ഷമിക്കാനും സഹവർത്തിത്വം കാണിക്കാനും ആളുകൾ തയ്യാറാകുന്നില്ല. ഇത്തരം മലീമസമായ മനസുകളിൽ മണ്ണിലെ പുൽക്കൂടും വിണ്ണിലെ നക്ഷത്രവും സ്നേഹം പകർന്നിരുന്നെങ്കിൽ.
സോഷ്യൽ മീഡിയയിലും ചാനലുകളിലുമൊക്കെ ഇന്ന് എത്രമാത്രം വിദ്വേഷമാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഒരു വട്ടമെങ്കിലും ഒന്ന് ക്ഷമിക്കൂ, മാപ്പ് നൽകൂ എന്ന് പറയാൻ ആരും തയ്യാറാകുന്നില്ല. കുറ്റവാളികളെ തേടി വിധികർത്താക്കളാകുന്നവരാണ് എവിടെയും. മറിച്ച് ക്ഷമിക്കൂ അല്ലെങ്കിൽ ക്ഷമിച്ചു എന്നൊരു വാക്ക് പറയാൻ ആരുമില്ല. എല്ലാവര്ക്കും ആരെയെങ്കിലുമൊക്കെ ക്രൂശിച്ചാലേ സമാധാനമുള്ളു.
റേറ്റിങ് കൂട്ടാനും വോട്ട് ബാങ്ക് വർധിപ്പിക്കാനും ഇപ്പോൾ കത്തി നിൽക്കുന്ന പല പ്രശ്നങ്ങളും വഷളാക്കാനും ജന മനസുകളിൽ വിദ്വേഷം നിറയ്ക്കാനുമാണ് പലരും ശ്രമിക്കുന്നതെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല
എന്നാണ് നാം സ്വാർത്ഥ ലക്ഷ്യങ്ങൾ മറന്ന് മറ്റുള്ളവരുടെ അസ്തിത്വത്തെ കൂടി അംഗീകരിക്കാൻ പഠിക്കുക. ക്ഷമിക്കാൻ പഠിക്കുക.
നമ്മുടെ യുവതലമുറയ്ക്ക് ക്ഷമിക്കാനും പരസ്പരം അംഗീകരിക്കാനും കഴിയുന്നതേയില്ല. അതുകൊണ്ടാണല്ലോ പ്രണയനിരാസങ്ങളുടെ പകയിൽ ചിത്രപ്രിയമാർ കൊല്ലപ്പെടുന്നത്.
ഏത് പ്രതിസന്ധിയിലും തളരാതെ ജീവിക്കാനുള്ള മനക്കരുത്ത് നഷ്ടപ്പെട്ട സമൂഹമാണ് നമുക്കു ചുറ്റുമുള്ളത് . അതുകൊണ്ടാണല്ലോ കൂട്ടലആത്മഹത്യകളും കൊലപാതകങ്ങളും ഇവിടെ പെരുകുന്നത്.
കാരൾ ഗാന സംഘങ്ങളെ ആക്രമിക്കുന്നവരും ക്രിസ്തുമസ് ദിനം പ്രവർത്തി ദിനമാക്കുന്നവരുമൊക്കെ വിദ്വേഷത്തിന്റെ സന്ദേശമല്ലേ പകർന്നിടുന്നത്. പരസ്പരമുള്ള സഹവർത്തിത്വമാണ് ഇന്നിന്റെ ആവശ്യം. മതവിദ്വേഷം പടർത്തി അക്രമത്തിന് വളമിടാനാണ് ഇന്ന് പലരും ശ്രമിക്കുന്നത് .മതം ഒരിക്കലും വിദ്വേഷത്തിനും അക്രമങ്ങൾക്കും കുട പിടിക്കരുത്. അത് സ്നേഹത്തിന്റെ സന്ദേശം നല്കുന്നതാകണം.
യുദ്ധങ്ങൾ കണ്ട് നാം മടുത്തു കഴിഞ്ഞു. ഗാസയിലെ യുദ്ധവും റഷ്യ-യുക്രൈൻ യുദ്ധവുമൊക്കെ ലോകം സമാധാനം കൊതിക്കുന്നു എന്ന് തന്നെയാണ് നമ്മോട് വിളിച്ചു പറയുന്നത്.
ക്രിസ്തുവിന്റെ ജനനത്തിന്റെ ഓർമയിൽ ആ ശാന്തിയും സമാധാനവും നമുക്കാശ്വാസമാകട്ടെ. കാലുഷ്യത്തിന്റെ ഈ നാളുകളിൽ സ്നേഹവും സമാധാനവും ശാന്തിദൂതും ഭൂമിയിൽ നിറയട്ടെ. നന്മയുടെ നക്ഷത്രങ്ങൾ തെളിയട്ടെ.
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം!