യുവാക്കള്‍ എഐയുടെ നിര്‍മാതാക്കളാകണം; അദാനി

Dec 28, 2025 - 19:48
Dec 28, 2025 - 20:01
 0  9
യുവാക്കള്‍ എഐയുടെ നിര്‍മാതാക്കളാകണം; അദാനി

മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മേഖലയില്‍ യുവാക്കളുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള  നീക്കത്തെ പ്രശംസിച്ച് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. സാമ്പത്തിക വളര്‍ച്ച, ദേശീയ ശേഷി, തൊഴില്‍ മേഖല എന്നിവയെ കൃത്രിമ ബുദ്ധി അടിമുടി മാറ്റുന്ന ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും ഗൗതം അദാനി കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിദ്യാ പ്രതിഷ്ഠാന്‍ ശരദ് പവാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗൗതം അദാനി.

കേവലം സാങ്കേതിക വിദ്യയുടെ ഉപയോക്താക്കള്‍ എന്നതിലുപരി, ഇന്ത്യയുടെ ദേശീയ മുന്‍ഗണനകള്‍ക്കനുസരിച്ചുള്ള ഇന്റലിജന്‍സ് സംവിധാനങ്ങളുടെ നിര്‍മ്മാതാക്കളായി മാറാന്‍ ഇന്ത്യന്‍ യുവാക്കള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വ്യാവസായിക-ഡിജിറ്റല്‍ വിപ്ലവങ്ങള്‍ക്ക് ശേഷമുള്ള മനുഷ്യ പുരോഗതിയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. രാജ്യത്തിന്റെ മുന്‍ഗണനകള്‍ മനസില്‍ വെച്ചുകൊണ്ട് വേണം യുവാക്കള്‍ കൃത്രിമ ബുദ്ധിയെ നയിക്കാനും നവീകരിക്കാനുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

ചരിത്രം പരിശോധിച്ചാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ എപ്പോഴും തുടക്കത്തില്‍ ആശങ്കകള്‍ ഉണ്ടാക്കാറുണ്ടെങ്കിലും, അവ ആത്യന്തികമായി കൂടുതല്‍ അവസരങ്ങളാണ് സൃഷ്ടിക്കാറുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 യന്ത്രവല്‍ക്കരണം, വൈദ്യുതീകരണം, കമ്പ്യൂട്ടറുകള്‍ എന്നിവ പോലെ എഐയും സാധാരണ പൗരന്മാരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. ആധാര്‍, ജന്‍ ധന്‍, യുപിഐ എന്നിവ ഇന്ത്യയുടെ ഡിജിറ്റല്‍ മുഖച്ഛായ മാറ്റിയതുപോലെ, എഐ എന്നത് പൗരന്മാരുടെ തീരുമാനങ്ങള്‍ വേഗത്തിലാക്കാനും പുതിയ സംരംഭകത്വം വളര്‍ത്താനും സഹായിക്കുന്ന അടിസ്ഥാന ഘടകമായി മാറും.

കര്‍ഷകര്‍, ചെറുകിട സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് ഡാറ്റ വിശകലനം ചെയ്യാനും ആഗോള അവസരങ്ങള്‍ കണ്ടെത്താനും എഐ ഉപകരണങ്ങള്‍ കൊണ്ടു സാധിക്കും.  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.