'ദീപക്കിന്റെ ആത്മഹത്യ മനം നൊന്ത്'; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
ലൈംഗികാതിക്രമം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ജിവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. മാനഹാനി ഉണ്ടായി എന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ബസിലെ സിസിടിവിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇക്കഴിഞ്ഞ ദിവസമായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്തത്.
ബസിൽ നിന്ന് സ്വാഭാവികമായി ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങി പോയത്. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. വടകര, പയ്യന്നൂർ തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളിലോ മറ്റ് സ്‌ഥലങ്ങളിലോ യാതൊരു വിധ പരാതികളും നൽകിയിട്ടില്ല. ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചാൽ പ്രതി വീണ്ടും ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാനും മറ്റ് സ്ത്രീകളും ഇത്തരം പ്രവർത്തികളിലേർപ്പെട്ട്, കൂടുതൽ ആത്മഹത്യകളുണ്ടാകുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.