കനേഡിയന്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കൊച്ചി സണ്‍റൈസ് ആശുപത്രിയിലെ തൊറാസിക് ശസ്ത്രക്രിയയിലൂടെ പുതു ജീവൻ
കൊച്ചി: കാനഡയില്‍ ഉപരിപഠനത്തിനിടെ ന്യൂമോണിയ ബാധിച്ച് ശ്വാസകോശ പ്രവര്‍ത്തനം ഗുരുതരമായി തകരാറിലായ മലയാളി വിദ്യാര്‍ത്ഥിക്ക് കൊച്ചിയിലെ സണ്‍റൈസ് ആശുപത്രിയില്‍ നടത്തിയ അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. ഒമ്പത് മണിക്കൂര്‍ നീണ്ട ശ്വാസകോശ ശസ്ത്രക്രിയയാണ് വിജയം കണ്ടത്.
ഒന്റാറിയോയിലെ ബാരിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രിഗോറിയന്‍ കോളേജിലെ മൂന്നാംവര്‍ഷ മെക്കാട്രോണിക്സ് വിദ്യാര്‍ത്ഥിയായ അനന്ത് കൃഷ്ണ ഹരീഷിനെ (20) കഴിഞ്ഞ സെപ്റ്റംബറിലാണ് നെഞ്ചുവേദന, പനി, കടുത്ത ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്നാണ് കാനഡയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസകോശത്തിന് ചുറ്റും പല ഭാഗങ്ങളിലായി അണുബാധിത ദ്രാവകം കെട്ടിക്കിടക്കുന്ന മള്‍ട്ടി ലോക്കുലേറ്റഡ് പ്ലൂറല്‍ എഫ്യൂഷന്‍ എന്ന അവസ്ഥയാണ് അനന്ത് കൃഷ്ണനെന്ന് കാനഡയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. അവിടെ വച്ച് ഭാഗികമായി ദ്രാവകം നീക്കം ചെയ്യുകയും പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. എന്നാല്‍ ക്ഷയരോഗസാധ്യത സംശയിച്ച ഡോക്ടര്‍മാര്‍ മുന്‍കരുതല്‍ നടപടിയായി അനന്തിനെ ഐസൊലേഷന്‍ റൂമിലാക്കി. ക്ഷയരോഗം ഇല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചെങ്കിലും, അനന്തിന് നാല്പത് ദിവസത്തോളം ഐസൊലേഷനില്‍ തുടരേണ്ടിവന്നു. ഇതിനിടെ നെഞ്ചുവേദനയും ശ്വാസതടസ്സവും കൂടുതല്‍ രൂക്ഷമായി. മരുന്നുകളും നെഞ്ചില്‍ ട്യൂബ് ഘടിപ്പിച്ച് ദ്രാവകം നീക്കം ചെയ്യുന്ന ചികിത്സകളും നല്‍കിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനശേഷി കുറഞ്ഞ് സ്ഥിതി ആശങ്കാജനകമായതോടെ കുടുംബം ചികിത്സയ്ക്കായി അനന്തിനെ നാട്ടിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ 18-ന് കൊച്ചിയിലെത്തിയ അനന്തിനെ സണ്‍റൈസ് ആശുപത്രിയിലെ തോറാസിക് സര്‍ജറി വിഭാഗത്തില്‍ ഉടനെ പ്രവേശിപ്പിച്ചു. സി.ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനകളില്‍, ഇടത് ശ്വാസകോശത്തിനുള്ളിലെ അണുബാധ പഴകി പഴുപ്പിന് കട്ടികൂടി വിവിധ പാളികളായി കെട്ടിക്കിടന്ന് മള്‍ട്ടി ലോക്കുലേറ്റഡ് എംപൈമ എന്ന ഗുരുതര അവസ്ഥയിലേക്ക് രോഗം മൂര്‍ച്ഛിച്ചതായി കണ്ടെത്തി. ഇത് കാരണം നെഞ്ച് ഭാഗം ചുരുങ്ങി ഇടത് ശ്വാസകോശം വികസിക്കാന്‍ കഴിയാത്ത ട്രാപ്പ്ഡ് ലങ്ങ് അവസ്ഥയിലായിരുന്നു.
ഒരേയൊരു ശ്വാസകോശത്തിന്റെ സഹായത്തിലാണ് അനന്ത് ശ്വസിച്ചിരുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കാര്‍ഡിയോതോറാസിക് സര്‍ജന്‍ ഡോ. നാസര്‍ യൂസഫ് പറഞ്ഞു.
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അനന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സിമന്റുപോലുള്ള കട്ടിയായി മാറിയ പാളികള്‍ നെഞ്ച് ഭിത്തിയോടും ഡയഫ്രത്തിനോടും ചേര്‍ന്ന് ശ്വാസകോശത്തെ കുടുക്കിയ അവസ്ഥയിലായിരുന്നു. ഒന്‍പത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയില്‍, ഈ കട്ടിയുള്ള പാളികള്‍ ഓരോ മില്ലീമീറ്ററായി നീക്കം ചെയ്യുകയായിരുന്നു. പ്ല്യൂറെക്ടമി, ഡീകോര്‍ട്ടിക്കേഷന്‍ എന്നിവ ഉള്‍പ്പെടുന്ന അതിസൂക്ഷ്മമായ ശസ്ത്രക്രിയയ്ക്കിടെ ശ്വാസകോശത്തിന്റെ ഉപരിതലത്തില്‍ ഉണ്ടായ എയര്‍ ലീക്കുകളും പരിഹരിച്ചു, ഡോ. നാസര്‍ യൂസഫ് പറഞ്ഞു.
ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നെഞ്ചിന്റെ ഭിത്തിയോടും ഡയഫ്രത്തിനോടും ചേര്‍ന്ന് ഒട്ടിപ്പിടിച്ച നിലയില്‍ നിന്ന് സൂക്ഷ്മമായി വേര്‍പെടുത്തി. ശസ്ത്രക്രിയക്ക് നിരവധി യൂണിറ്റ് രക്തവും ആവശ്യമായി വന്നു. ശസ്ത്രക്രിയയ്ക്കുശേഷം അനന്തിനെ ഉടന്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വൈകുന്നേരത്തോടെ ഭക്ഷണം ആരംഭിക്കുകയും അടുത്ത ദിവസം തന്നെ നടക്കാനും സാധിച്ചു.
തുടര്‍ പരിശോധനകളില്‍, ഇത് സങ്കീര്‍ണ്ണമായ ബാക്ടീരിയല്‍ ന്യൂമോണിയ മൂലമുണ്ടായ അവസ്ഥയാണെന്നും ക്ഷയരോഗം, കാന്‍സര്‍ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും സ്ഥിരീകരിച്ചു.
നവംബര്‍ 27-ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അനന്ത് ആശുപത്രി വിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഒരു നില പോലും കയറാന്‍ പ്രയാസപ്പെട്ടിരുന്ന അനന്ത്, ആശുപത്രി വിട്ടപ്പോഴേക്കും ഏഴ് നിലകള്‍ വരെ അനായാസം കയറുന്ന നിലയിലേക്ക് ആരോഗ്യനില വീണ്ടെടുത്തിരുന്നു.
ശസ്ത്രക്രിയയ്ക്കുശേഷം ശ്വാസകോശം വീണ്ടും വികസിക്കാന്‍ സഹായിക്കുന്ന തരത്തില്‍ നേരത്തെ തന്നെ നടക്കാന്‍ തുടങ്ങിയതും, കൃത്യമായ ഫിസിയോതെറാപ്പിയും ഏറെ നിര്‍ണായകമായി, ഡോക്ടര്‍മാര്‍ പറഞ്ഞു. ന്യൂമോണിയയ്ക്ക് ശേഷം തുടരുന്ന നെഞ്ചുവേദനയോ ശ്വാസതടസ്സമോ ഒരിക്കലും ലഘുവായി കാണരുതെന്നും സമയബന്ധിതമായ പരിശോധനയും വിദഗ്ധ ചികിത്സയും അനിവാര്യമാണെന്നും ഡോ. നാസര്‍ യൂസഫ് വ്യക്തമാക്കി. അനന്ത് ഇപ്പോള്‍ പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തു. പഠനം തുടരാനായി ഉടന്‍ കാനഡയിലേക്ക് മടങ്ങും.
സണ്‍റൈസ് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ഡോ. നീതു തമ്പി, പള്‍മണോളജിസ്റ്റ്; ഡോ. നാസര്‍ യൂസഫ്, മിനിമലി ഇന്‍വേസീവ് തൊറാസിക് സര്‍ജന്‍ ഡോ. ശോഭ പി, മെഡിക്കല്‍ സൂപ്രണ്ട്, വിദ്യാത്ഥി അനന്ത് കൃഷ്ണന്‍, മാതപിതാക്കളായ ഡോ. പൂര്‍ണ്ണിമ ടി.എ, ഹരീഷ് ബി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.