രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ ദീർഘകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായി ജോർജിയ മെലോണി. മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാർ തുടർച്ചയായി 1,413 ദിവസമാണ് അധികാരത്തിലുന്നത്. ഇതോടെ ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ഏറ്റവും ദീർഘകാലം അധികാരത്തിലിരുന്ന സർക്കാരായി മെലോണി സർക്കാർ മാറി.
നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി മെലോണിയുടെ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ പാർട്ടി തെക്കൻ ഇറ്റലിയിലെ ബാരിയിൽ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പാർട്ടി അനുയായികൾ റാലിയിൽ പങ്കെടുക്കും. അഡ്രിയാറ്റിക് കടലിനെ അഭിമുഖീകരിക്കുന്ന വേദിയിൽ മെലോണി പ്രവർത്തകരെ അഭിസംബോധന ചെയ്യും.
കഴിഞ്ഞ എട്ട് പതിറ്റാണ്ടിനിടെ ഇറ്റലിയിലെ സർക്കാരുകൾ 14 മാസം മാത്രമാണ് അധികാരത്തിൽ തുടർന്നിട്ടുള്ളത്. എന്നാൽ തുടർച്ചയായ ഭരണത്തിലൂടെ രാജ്യത്തിന് രാഷ്ട്രീയ സ്ഥിരത നൽകാൻ മെലോണിക്ക് കഴിഞ്ഞെങ്കിലും, അടുത്ത തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്നതിനിടെ രാഷ്ട്രീയ വെല്ലുവിളികളും വർധിക്കുകയാണ്.