ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു

Jan 22, 2026 - 13:21
 0  2
ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു
ജമ്മു കശ്മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു. ഏഴ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ഉദംപൂരിലെ സൈനിക ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ വഴി വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.
ഭദർവ-ചംബ അന്തർസംസ്ഥാന പാതയിലെ 9000 അടി ഉയരത്തിലുള്ള ഖാന്നി ടോപ്പിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഉയർന്ന പ്രദേശത്തെ പോസ്റ്റിലേക്ക് പോവുകയായിരുന്ന 'കാസ്പിർ' എന്ന ബുള്ളറ്റ് പ്രൂഫ് സൈനിക വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാവുകയും വാഹനം 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു.
താഴ്ചയിലേക്ക് പതിച്ചതിനെത്തുടർന്ന് സൈനിക വാഹനം പൂർണ്ണമായും തകർന്ന നിലയിലാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 17 സൈനികരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തിന് പിന്നാലെ സൈന്യവും പൊലീസും ചേർന്ന് സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചു. നാല് സൈനികരെ സംഭവസ്ഥലത്തുതന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.